പൊന്നാനി: സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുക്കുന്ന, ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗമായ മത്സ്യബന്ധന മേഖലയെ സഹായിക്കുന്നതിന് പകരം ഇന്ധന സബ്സിഡി പോലുമില്ലാതായതോടെ മത്സ്യമേഖല പ്രതിസന്ധിയിൽ.
ഫിഷറീസ് വകുപ്പ് കടലിൽ അനാവശ്യ പരിശോധന നടത്തുന്നതായും ഭീമമായ പിഴ ചുമത്തുന്നതായും ജില്ലയിലെ ബോട്ടുടമകൾ ആരോപിക്കുന്നു. ഫിഷിങ് റെഗുലേഷൻ ആക്ട് ഭേദഗതിയുടെ പേരിൽ ലക്ഷങ്ങളും പതിനായിരങ്ങളും പിഴ ചുമത്തുന്നത് ബോട്ടുടമകൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
മത്സ്യലഭ്യത കുറഞ്ഞ സീസണിലും ഇത്തരത്തിൽ പിഴ ചുമത്തുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. 12 മുതൽ 15 വർഷം വരെ പഴക്കമുള്ള ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കാത്തതും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ രാത്രി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ പിടികൂടി പിഴ ചുമത്തുകയാണെന്നും പരാതിയുണ്ട്. ഇത് മൂലം നിരവധി മത്സ്യബന്ധന യാനങ്ങൾ പൊളിച്ചുകളയേണ്ട ഗതികേടിലാണ് ഉടമകൾ. ഡീസൽ വില കുത്തനെ ഉയർന്നിട്ടും മറ്റു സംസ്ഥാനങ്ങളിലേത് പോലെ സബ്സിഡി നൽകാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
മത്സ്യബന്ധന യാനങ്ങൾക്ക് നൽകുന്ന ഡീസൽ വിലയിൽ റോഡ് സെസും മറ്റു നികുതികളും ഏർപ്പെടുത്തുന്നതും ഈ മേഖലയെ തളർച്ചയിലാക്കിയിട്ടുണ്ട്. വലിയ ഇൻബോർഡ് വള്ളങ്ങൾ വരെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുമ്പോൾ ചെറിയ ബോട്ടുകൾ തീരക്കടലിൽ മത്സ്യബന്ധനത്തിന് ശ്രമിച്ചാൽ ലക്ഷങ്ങളുടെ പിഴയാണ് ഈടാക്കുന്നത്.
ഇത്തരത്തിൽ പിഴ ഈടാക്കിയതിനെത്തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യമാണ് കഴിഞ്ഞ ദിവസം പൊന്നാനിയിൽ ഒരു ബോട്ടുടമയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സർക്കാർ തലത്തിൽ നിന്നും ഉദ്യോഗസ്ഥരിൽനിന്നും നീതി ലഭ്യമാവുന്നില്ലെന്നാരോപിച്ച് പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് ജില്ലയിലെ ബോട്ടുടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.