പൊന്നാനി: ഫസ്റ്റ് ഗ്രേഡ് നഗരസഭയായി പ്രഖ്യാപിച്ച പൊന്നാനി നഗരസഭയിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊറുതിമുട്ടുന്നതിനിടെ നിലവിലെ ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. വിവിധ സെക്ഷനുകളിലായി 12 പേരാണ് സ്ഥലം മാറിപ്പോയത്. പകരം ജീവനക്കാരില്ലാത്തതിനാൽ നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതളാത്തിലായി.
എൻജിനീയറിങ് വിഭാഗത്തിൽ മുനിസിപ്പൽ എൻജിനീയർക്കും നാല് ഓവർസീയർമാരിൽ മൂന്നുപേർക്കും സ്ഥലം മാറ്റമായി. ആകെ ഏഴ് പേരുള്ള സീനിയർ ക്ലർക്ക് തസ്തികയിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരും സ്ഥലം മാറി പോയി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്നിൽ ആകെ രണ്ട് പേരാണുള്ളത്. ഒരാൾക്ക് സ്ഥലം മാറ്റമാണ്.
മറ്റൊരു ജീവനക്കാരൻ അവധിയിലുമാണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടിൽ നാല് ജീവനക്കാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർമാർ എന്നിവരും സ്ഥലം മാറി. സംസ്ഥാനത്ത് തന്നെ ജനസംഖ്യാനുപാദത്തിലും വാർഡുകളുടെ എണ്ണത്തിലും ജംബോനഗരസഭയായ പൊന്നാനിയിലാണ് കൂട്ട സ്ഥലം മാറ്റത്തോടെ ആവശ്യത്തിന് ജീവനക്കാരില്ലാതെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്നത്. പഴയ സ്റ്റാഫ് പാറ്റേൺ പ്രകാരം 35 സ്ഥിരം ജീവനക്കാർ വേണ്ടിടത്ത് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന് പുറമെയാണ് സ്ഥലം മാറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ താൽക്കാലിക്കാരെ നിയമിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരസഭ കാര്യാലയത്തിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കണമെങ്കിൽ ഇത്തരത്തിൽ ജീവനക്കാരുടെ വർധനവ് അനിവാര്യവുമാണ്. എന്നാൽ ഇത്തരത്തിൽ സ്റ്റാഫ് പാറ്റേൺ ഉയർത്തുമ്പോൾ സർക്കാറിന് കനത്ത സാമ്പത്തിക ബാധ്യതയാവുമെന്നതിനാലാണ് മാറ്റം വരുത്താത്തത്. നിലവിലുള്ള പാറ്റേൺ അനുസരിച്ച് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചാൽ തന്നെ ഒരുപരിധി വരെ കാര്യങ്ങൾ സുഗമമായി നടക്കും.
പൊന്നാനിയുടെ പോലും, വിസ്തൃതമല്ലാത്ത ഗുരുവായൂർ, തിരൂർ നഗരസഭകളിൽ പോലും കൂടുതൽ ജീവനക്കാരാണുള്ളത്. ജീവനക്കാരുടെ കുറവുമൂലം നിലവിൽ ജോലി ചെയ്യുന്നവർക്ക് അധികഭാരമാണ്. ഇതിനാലാണ് മിക്ക ജീവനക്കാരും പൊന്നാനിയിലേക്ക് സ്ഥലം മാറ്റത്തിന് ശ്രമിക്കാത്തത്. എന്നാൽ ജീവനക്കാർ അധികമുള്ള നഗരസഭകളിൽ നിന്ന് ജീവനക്കാരെ പൊന്നാനിയിൽ നിയമിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സർക്കാറിൽ കാര്യമായ സമ്മർദം ചെലുത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതാണ് പൊന്നാനിയുടെ ദുരവസ്ഥക്കിടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.