പൊന്നാനി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള രക്ഷാദൗത്യം വിപുലപ്പെടുത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പൊന്നാനിയിൽ ദേശീയപാത ഉപരോധിച്ചു. പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ ആനപ്പടിയിലാണ് റോഡ് ഉപരോധിച്ചത്.
കടലിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് നാല് ദിവസമായിട്ടും അപകടത്തിൽപെട്ടവരെ കണ്ടെത്താനാവാത്തത് സർക്കാറിെൻറ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കളും മത്സ്യത്തൊഴിലാളികളും രംഗത്തെത്തിയത്. പൊന്നാനി ഹാർബറിൽനിന്ന് സംഘടിച്ചെത്തിയ ഇവർ ആനപ്പടി ജങ്ഷനിൽ 15 മിനിറ്റോളം പാതയിൽ കുത്തിയിരുന്നു.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. യാത്രാമാർഗം മുടക്കിയുള്ള പ്രതിഷേധം നടത്തരുതെന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
മന്ത്രിയും എം.പിയും എം.എൽ.എയും കാണാതായവരുടെ വീടുകളിൽ എത്തി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. നേവിയുടെ ഹെലികോപ്ടറും കപ്പലും ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും മത്സ്യബന്ധന ബോട്ടുകളിൽ രക്ഷാദൗത്യത്തിന് പോയവർ ഇത് നിഷേധിക്കുകയാണ്. ആവശ്യങ്ങൾ സർക്കാർ ശ്രദ്ധയിൽപെടുത്താമെന്ന സി.ഐയുടെ ഉറപ്പിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
കാണാതായവർക്കായി സർക്കാർ സർവസന്നാഹവും ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തുന്നുണ്ടെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. കടൽ പ്രക്ഷുബ്ധമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ ദുഷ്കരമാണെങ്കിലും ഇതെല്ലാം മറികടന്നുള്ള രക്ഷാപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.