പൊന്നാനി: സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ജില്ല എംപ്ലോയ്മെന്റ് ഓഫിസറുടെ ഉത്തരവ് മറികടന്നാണ് താൽക്കാലിക നിയമനം നടത്തിയതെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി മാത്രം താൽക്കാലിക നിയമനം നടത്തണമെന്നും, അല്ലാത്ത ജീവനക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്മെന്റ് വഴി നിയമനം നടത്തണമെന്നുമുള്ള ജില്ല എംപ്ലോയ്മെന്റ് ഓഫിസറുടെ ഉത്തരവ് നിലനിൽക്കെ നഗരസഭയിലെ റവന്യൂ വിഭാഗത്തിൽ ഒരു രേഖയുമില്ലാതെ താൽക്കാലിക ജീവനക്കാരനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്.
കൗൺസിൽ യോഗത്തിൽ അജണ്ട വെക്കാതെ താൽക്കാലിക ജീവനക്കാരനെ നിയമിക്കുകയും ശമ്പളം അനുവദിക്കുകയും ചെയ്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇയാളെ നിയമിച്ചതുമായുള്ള ഫയൽ കൗൺസിൽ യോഗത്തിൽ വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, അടുത്ത കൗൺസിലിൽ ഫയൽ പരിശോധിക്കാമെന്ന ഭരണപക്ഷത്തിെൻറ മറുപടിയാണ് ബഹളത്തിനിടയാക്കിയത്.
ഇത് ഏറെ നേരത്തേ വാക്കുതർക്കത്തിനും ഇടയാക്കി. തുടർന്ന് എംപ്ലോയ്മെന്റ് ഓഫിസറുടെ കത്ത് കീറിയെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. നേരത്തേ നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിൽ അഞ്ച് ഓവർസിയർമാരെ താൽക്കാലികമായി ചട്ടവിരുദ്ധമായി നിയമിക്കുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. നേരത്തേ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ടുപോകുന്നത് പൊതുജനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.
എംപ്ലോയ്മെൻറ് ലിസ്റ്റ് പരിഗണിക്കാതെ സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. എന്നാൽ, നിയമനത്തിൽ നിയമസാധുതയുണ്ടെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
ഇതേ സമയം നഗരസഭയിൽ കഴിഞ്ഞഭരണ സമിതിയുടെ കാലത്ത് 13 താൽക്കാലിക ജീവനക്കാരെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് ജനറലിെൻറ റിപ്പോർട്ടിൽ പറയുന്നുണ്ട്. എംപ്ലോയ്മെന്റ് ലിസ്റ്റ് പോലും പരിഗണിക്കാതെയാണ് നിയമനമെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ജില്ല എംപ്ലോയ്മെന്റ് ഓഫിസർ നടത്തിയ പരിശോധനയിൽ നിയമനം അനധികൃതമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.