പൊന്നാനി: വേനലിൽ നഗരസഭ നേരിട്ട് കുടിവെള്ളം വിതരണം ചെയ്തിട്ടും, ജല അതോറിറ്റി പൊന്നാനി നഗരസഭക്ക് നൽകിയത് കോടികളുടെ കുടിശ്ശിക. നഗരസഭ പരിധിയിൽ പൊതുവിതരണ പൈപ്പുകൾ വഴി കുടിവെള്ളം വിതരണം ചെയ്ത ഇനത്തിൽ 30 കോടി രൂപയുടെ കുടിശ്ശിക ബില്ലാണ് ജല അതോറിറ്റി നഗരസഭക്ക് നൽകിയിട്ടുള്ളത്. 8, 60,000 രൂപ പ്രതിമാസം ഉണ്ടായിരുന്നത് 13 ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് ഭീമമായ കുടിശ്ശിക നൽകേണ്ടി വരുന്നത്.
അതേ സമയം വേനലിൽ ടാങ്കറുകളിൽ ജല അതോറിറ്റി വെള്ളം വിതരണം ചെയ്യാത്തതിനാൽ നഗരസഭ തനത് ഫണ്ടിൽ നിന്നും പ്രതിവർഷം 40 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇതിന് പുറമെ നൂറുകണക്കിന് പൊതുടാപ്പുകൾ നിർത്തലാക്കിയെങ്കിലും ഇതിന്റെയും കണക്ക് ഉൾപ്പെടുത്താതെ പഴയ കണക്കനുസരിച്ചാണ് ജല അതോറിറ്റി പ്രതിമാസ ബിൽ ഈടാക്കുന്നത്. വേനലിലെ കുടിവെള്ള വിതരണം കണക്കാക്കിയും ടാപ്പുകളുടെ എണ്ണം ക്രമീകരിച്ചും ബിൽ തുക പുതുക്കി നൽകണമെന്ന് നഗരസഭ പല തവണ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടും ഇത് നടപ്പായിട്ടില്ല.
ഇതേ തുടർന്നാണ് കുടിശ്ശിക പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗം സർക്കാറിന് കത്തയക്കാൻ തീരുമാനിച്ചത്. കൂടാതെ ബിയ്യം പുളിക്കടവ് സാഹസിക ടൂറിസത്തിന് കരാർ ഏറ്റെടുത്ത കമ്പനിയുടെ കാലാവധി 12 വർഷത്തേക്ക് നീട്ടി നൽകാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിലാണ് കൗൺസിൽ യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.