പൊന്നാനി: തകർന്ന് തരിപ്പണമായ പഴയ ദേശീയപാതയിൽ ക്വാറി വേസ്റ്റിട്ടിറ്റ് ഇരട്ടി ദുരിതം സമ്മാനിച്ച് അധികൃതർ. കുറ്റിക്കാട് മുതലുള്ള റോഡിലാണ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടൽ നടക്കുന്നത്.
അമൃത് പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിന്റെ പുനർനിർമാണം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന നിർദേശത്തെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗം അധികൃതർ നടപടിയെടുത്തത്. ഗതാഗതം ദുസ്സഹമായതോടെ താൽക്കാലിക കുഴിയടക്കൽ നടത്തണമെന്ന് നഗരസഭ ചെയർമാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കരാറുകാരൻ ക്വാറി വേസ്റ്റിട്ടത്. നേരത്തെ പൊന്നാനി തഖ്വ പള്ളി പ്രദേശത്ത് രണ്ട് തവണ ക്വാറി വേസ്റ്റ് ഇട്ടിരുന്നെങ്കിലും റോഡ് കൂടുതൽ തകരുകയാണുണ്ടായത്. മഴ പെയ്താൽ ക്വാറി വേസ്റ്റ് കൂടുതൽ അപകടങ്ങൾക്കിടയാക്കും. പൊന്നാനി കുറ്റിക്കാട് മുതൽ ബസ് സ്റ്റാൻഡ് വരെ ഭാഗങ്ങളിൽ അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കുഴിയെടുത്തതാണ് റോഡ് തകർച്ച പൂർണമാക്കിയത്. ഉദ്യോഗസ്ഥരുടെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.