പൊന്നാനി: വിട്ടുമാറാത്ത രോഗത്തിനിടയിൽ ഏകാന്തത മാത്രം കൂട്ടിനുള്ള വയോധിക നൊമ്പര കാഴ്ചയാകുന്നു. പൊന്നാനി നഗരസഭയിലെ കടലോര മേഖലയായ മുറിഞ്ഞഴിയിലാണ് സംസാരശേഷിയില്ലാത്ത വയോധിക രോഗങ്ങളോട് മല്ലിടുന്നത്. ജന്മനാ ഊമയായ ചേക്കന്റകത്ത് റഹീമയാണ് ദുരിതംപേറി കഴിയുന്നത്. ഊമകളായ സഹോദരങ്ങൾ മറ്റു വീട്ടിലേക്ക് മാറി താമസിച്ചതോടെ കടലിനടുത്ത ഓലക്കുടിലിൽ കാലങ്ങളായി തനിച്ച് കഴിയുകയാണിവർ. സമീപ പ്രദേശങ്ങളിൽ ഭിക്ഷ യാചിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ചായിരുന്നു വീട്ടു ചെലവുകൾ ഉൾപ്പെടെ നടത്തിയിരുന്നത്. ഇതിനിടെ ഇടത് കാലിൽ മുറിവുണ്ടായി പഴുക്കുകയും പുഴുവരിക്കുന്ന നിലയിലുമാണ് ജീവിതം.
സഹായത്തിന് പോലും ആരുമില്ലാതായാതോടെ അയൽവാസികളാണ് ഇവരെ ശുശ്രൂഷിക്കുന്നത്. ഇനിയും മുറിവ് പഴുത്താൽ കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, ദുരിതക്കിടക്കയിലും കൂട്ടിന് ആരുമില്ലാത്തതാണ് ഈ വയോധികയെ സങ്കടത്തിലാഴ്ത്തുന്നത്. ഇവരെ വൃദ്ധസദനത്തിലേക്കോ മറ്റു സർക്കാർ സംവിധാനങ്ങളിലേക്കോ മാറ്റണമെന്ന് സമീപവാസികൾ അധികൃതരോട് പല തവണ ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. തവനൂർ മഹിള മന്ദിരവുമായി ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കുന്നതിനുള്ള നടപടി വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.