പൊന്നാനി: മഴ പെയ്തതോടെ തകർന്നടിഞ്ഞ പൊന്നാനി ദേശീയപാതയുടെ പുനർനിർമാണം വൈകിയതിനെത്തുടർന്ന് പി. നന്ദകുമാർ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലും ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരം പഴിചാരിയപ്പോൾ പ്രവൃത്തി പൂർത്തീകരണത്തിന് അന്ത്യശാസനം നൽകി എം.എൽ.എ. ആഗസ്റ്റ് 31നകം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പാത ദേശീയപാത വിഭാഗത്തിന് കൈമാറാൻ യോഗത്തിൽ തീരുമാനിച്ചു. വാട്ടർ അതോറിറ്റി കൈമാറുന്ന മുറക്ക് ടാറിങ് പ്രവൃത്തികൾ ആരംഭിക്കുമെന്ന് എൻ.എച്ച് വിഭാഗം ഉറപ്പുനൽകി. ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ റീടാറിങ് പൂർത്തീകരിച്ചെങ്കിലും അമൃത് പദ്ധതിക്കായി പൊളിച്ച റോഡുകളുടെ പുനർനിർമാണമാണ് വൈകുന്നത്.
അമൃത് പദ്ധതിയുടെ ഭാഗമായുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി പൊന്നാനി നഗരസഭ 1 കോടി 20 ലക്ഷം രൂപ വാട്ടർ അതോറിറ്റിക്ക് നൽകിയിരന്നു. ഈ തുക ദേശീയപാത അധികൃതർക്ക് കൈമാറിയതിനാൽ ദേശീയപാത വിഭാഗം തന്നെ പുനർനിർമാണം നടത്തണമെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. എന്നാൽ പൈപ്പിടൽ പ്രവൃത്തിക്ക് ശേഷം റോഡ് കൈമാറാൻ വൈകുന്നതാണ് അറ്റകുറ്റപ്പണി നീളാൻ ഇടയാക്കുന്നതെന്നാണ് എൻ.എച്ച് വിഭാഗം പറയുന്നത്. വിഷയത്തിൽ അടിയന്തര പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് എം.എൽ.എ ഈ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തത്. എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, സി.പി. മുഹമ്മദ് കുഞ്ഞി, വാട്ടർ അതോറിറ്റി, ദേശീയപാത, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.