പൊന്നാനി: കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ വീണ്ടെടുപ്പ് ലക്ഷ്യമാക്കി സർക്കാർ ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കുന്നു. നിളയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഭാരതപ്പുഴ കടന്നുപോകുന്ന മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചാണ് പദ്ധതി തയാറാക്കുക. സ്പീക്കർ എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക യോഗം ചേർന്നു. വടക്കാഞ്ചേരി, ഷൊർണൂർ, ഒറ്റപ്പാലം, തൃത്താല, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ സംയുക്ത യോഗം ഉടൻ ചേരും. നിളയുടെ ഒഴുക്കും ജലസമൃദ്ധിയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരക്ഷണ പദ്ധതി ആവിഷ്ക്കരിക്കുന്നത്.
ആഴം വർധിപ്പിക്കുന്ന പ്രവൃത്തികൾക്കൊപ്പം ഇരുകരകളും മതിൽ കെട്ടി സംരക്ഷിക്കുകയും ചെയ്യും. ബൃഹത് പദ്ധതിയായതിനാൽ സംസ്ഥാന സർക്കാറിന് പുറമെ കേന്ദ്ര സഹായവും വിവിധ ഏജൻസികളുടെ സഹായവും തേടും. കൂടാതെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം. സമൃദ്ധമായി ഒഴുകിയിരുന്ന നിളയുടെ വഴികളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് പുല്‍ക്കാടുകളും പാഴ്മരങ്ങളും കരിമ്പനകളും.
2007വരെ വര്‍ഷക്കാലത്ത് ഇരുകരയും മുട്ടി ഒഴുകുന്ന നിള ഇപ്പോള്‍ ഓര്‍മ മാത്രമായി അവശേഷിക്കുകയാണ്. ഇരുകരയും മുട്ടി ഒഴുകിയിരുന്ന നിള ഓര്‍മ മാത്രമാവുമ്പോള്‍ പൊന്തക്കാടുകള്‍ ഇരുകരയിലേക്കും പടരുകയാണ്. ഭാരതപ്പുഴയുടെ സൗന്ദര്യമായിരുന്ന പഞ്ചാരമണല്‍ ഇന്ന് പൂര്‍ണമായും അപ്രത്യക്ഷമാകുന്നതിന്റെ വക്കിലാണ്. നിറഞ്ഞുനിന്നിരുന്ന പുഴ മണലില്ലാതായതോടെ ഇവിടങ്ങളില്‍ പൊന്തക്കാടുകളും വളരാന്‍ തുടങ്ങി.
മണല്‍ കടത്തി കൊണ്ടുപോയതോടെയാണ് നിള ഒഴുകിക്കൊണ്ടിരുന്ന വഴികള്‍ പൊന്തക്കാടുകള്‍ക്ക് വഴിമാറിയത്. എന്നാല്‍, ഇപ്പോള്‍ മഴക്കാലത്തും പുഴ നിറഞ്ഞ് ഒഴുകാത്ത അവസ്ഥയിലായി. പുഴയുടെ ഒഴുക്ക് നഷ്ടപ്പെട്ടതോടെ പുല്‍ക്കാടുകള്‍ വളരാന്‍ കാരണമായി. പാതിരാമണല്‍ത്തരികള്‍ക്കുമാത്രം നനവേകിയാണ് ഇന്ന് നിള ഒഴുകുന്നത്. സിനിമ ലൊക്കേഷന്‍ കേന്ദ്രമായിരുന്നു മുമ്പ് ഭാരതപ്പുഴ. എന്നാല്‍, മലയാള സിനിമാരംഗങ്ങള്‍ ഭാരതപ്പുഴയില്‍ ചിത്രീകരിച്ചിട്ട് കാലങ്ങള്‍ പിന്നിടുന്നു.
ഇനിയും നിളയെ രക്ഷിക്കുന്നതിന് നടപടി ഉണ്ടായിട്ടില്ലെങ്കില്‍ മണല്‍കടത്ത് വീണ്ടും തകൃതിയായി നടക്കുകയാണെങ്കില്‍ ഭാരതപ്പുഴയും അതിന്റെ സൗന്ദര്യവും ഇനി വരും തലമുറക്ക് കേട്ടുകേള്‍വിയായി മാറുമെന്ന യാഥാർഥ്യത്തിനിടയിലാണ് സർക്കാർ മുൻകൈ എടുത്ത് ഭാരതപ്പുഴ സംരക്ഷണത്തിന് പദ്ധതിയൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.