പൂക്കോട്ടുംപാടം: ടി.കെ കോളനി കോട്ടപ്പുഴയുടെ പ്രഭവകേന്ദ്രത്തിൽനിന്ന് കർഷകർ വലിയ പ്ലാസ്റ്റിക് കുഴലുകൾ ഉപയോഗിച്ച് ജലമൂറ്റുന്നത് വനംവകുപ്പ് തടഞ്ഞു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയുടെ നിർദേശ പ്രകാരമാണ് വനംവകുപ്പ് അധികൃതരും പ്രഞ്ചായത്ത് അംഗത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കുഴലുകൾ നീക്കിയത്. വലിയ പ്ലാസ്റ്റിക്ക് കുഴലുകൾ വഴി രാപകലില്ലാതെ കർഷകർ സ്പ്രിംഗ്ളർ പയോഗിച്ച് കൃഷിയിടങ്ങൾ നനക്കുന്നത് പുഴ വരളാൻ ഇടയാക്കി. വേനൽ കടുത്തതോടെ പൊട്ടിക്കല്ല്, പരിയങ്ങാട്, ചെട്ടിപ്പാടം ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ഈ പ്രദേശങ്ങളിൽ ഉരുളൻ പാറകളായതിനാൽ കിണർ കുഴിക്കുന്നതും അപ്രാപ്യമാണ്. ഉയർന്ന പ്രദേശമായതിനാൽ കുടിവെള്ള വിതരണം ഈ ഭാഗത്തില്ല. അതിനാൽ കുടിക്കാനും കുളിക്കാനും അലക്കാനും പ്രദേശവാസികൾ കോട്ടപ്പുഴയെയാണ് ആശ്രയിക്കുന്നത്. ജലമൂറ്റൽ തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പൊട്ടിക്കല്ല് നിവാസികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈനും വിദ്യാഭ്യാസ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. അനീഷും നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ, ജില്ല കലക്ടർ എന്നിവർക്ക് നിവേ ദനം സമർപ്പിച്ചത്. ശനിയാഴ്ച വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കുടിവെള്ളത്തിനുള്ള അര ഇഞ്ച് കുഴലുകൾ ഒഴികെ ബാക്കിയെല്ലാം നീക്കം ചെയ്തു.
മഴയെത്തി പുഴയിൽ വെള്ളം എത്തുന്നതു വരെ വലിയ കുഴലുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശവും നൽകി. കൂടാതെ ടി.കെ കോളനിക്ക് താഴെ കോട്ടപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വലിയ കുഴലുകൾ എടുത്തു മാറ്റി. ഇതോടെ പുഴയിൽ വെള്ളമെത്താൻ തുടങ്ങി. വെള്ളം വറ്റിയതോടെ കോട്ടപ്പുഴ യിലെ മത്സ്യം കഴിഞ്ഞ ദിവസം ചത്തുപൊന്തിയിരുന്നു. ചക്കികുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അഭിലാഷ്, വനം വകുപ്പ് ജീവനക്കാരായ അജിത് ആന്റണി, രാമകൃഷ്ണൻ, ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് കുഴലുകൾ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.