മലപ്പുറം: ജില്ലയിലെ സ്വകാര്യബസുകൾ പെർമിറ്റ് റൂട്ട് തെറ്റിച്ച് ഓടുന്നതായി പരാതി. റോഡിലെ അനിയന്ത്രിതമായ തിരക്കും ബ്ലോക്കും കാരണമാണ് ബസുകൾ ഇട റോഡുകളിലൂടെയും മറ്റും ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത്. ഇത് യഥാർഥ റൂട്ടിലെ സ്റ്റോപ്പുകളിൽ ഇറങ്ങേണ്ട യാത്രക്കാർക്ക് വലിയ ദുരിതമാണ് വരുത്തിവെക്കുന്നത്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന പലർക്കും പാതിവഴിയിലോ ലക്ഷ്യസ്ഥാനം കഴിഞ്ഞോ ഇറങ്ങേണ്ട അവസ്ഥയാണ്. പിന്നീട് ഓട്ടോ വിളിച്ചോ മറ്റു സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയോ വേണം ഇവർക്ക് ലക്ഷ്യത്തിലെത്താൻ. ഇതേച്ചൊല്ലി ബസുകാരും യാത്രക്കാരും തർക്കമുണ്ടാവുന്നതും പതിവാണ്.
ബസുകാരുടെ ഈ നിയമവിരുദ്ധ സർവിസിനെതിരെ കലക്ടർക്കുൾപ്പെടെ യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്. മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന ബസുകളിൽ പലതും ഒതുക്കുങ്ങലിൽനിന്ന് കുഴിപ്പുറം വഴി ആട്ടീരി റോഡിലൂടെ കോട്ടക്കലിലേക്ക് പോകുന്നതാണ് പരാതി. ഇതോടെ ചെറുകുന്ന്, കൊളുത്തുപറമ്പ്, പാറക്കോരി, പുത്തൂർ, താഴേ കോട്ടക്കൽ എന്നിവിടങ്ങളിലെ യാത്രക്കാരാണ് പെരുവഴിയിലാവുന്നത്. സമാനപരാതി ജില്ലയിലെ മറ്റു ഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട്.
ആർ.ടി.ഒ ബോർഡ് നിർദേശം ഇല്ലാതെ പെർമിറ്റ് റൂട്ടിൽനിന്ന് മാറി സർവിസ് നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ കല്യാണവും മറ്റും നടക്കുന്ന ദിവസങ്ങളിൽ ഓഡിറ്റോറിയങ്ങൾക്ക് മുമ്പിലും അവധി ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിലും കുരുക്കഴിയാത്ത ബ്ലോക്കുകളാണ് അനുഭവപ്പെടുന്നത്. റോഡിന്റെ ശോച്യാവസ്ഥയും മഴക്കാലം എത്തിയതും തിരക്ക് അധികരിക്കാൻ കാരണമായി.
ബ്ലോക്കിലകപ്പെട്ടാൽ സമയത്തിനെത്താൻ ഇതേ വഴിയുള്ളൂ എന്നാണ് ബസുകാരുടെ വാദം. സമയം മാത്രം നോക്കിയാൽ പോരെന്നും തങ്ങളുടെ പ്രയാസങ്ങളും തിരിച്ചറിയണമെന്നുമാണ് യാത്രക്കാർ പറയുന്നത്.
സർക്കാർ നിർണയിച്ചു തരുന്ന സമയവിവരപ്പട്ടിക പ്രകാരമാണ് ബസുകൾ സർവിസ് നടത്തുന്നതെന്നും ബ്ലോക്ക് കാരണം ട്രിപ്പ് പൂർത്തിയാക്കാതിരുന്നാൽ പെർമിറ്റ് വയലേഷന്റെ പേരിൽ നടപടി നേരിടേണ്ടിവരുമെന്നതിനാലാണ് മറ്റു റോഡുകളിലൂടെ സർവിസ് പൂർത്തിയാക്കുന്നതെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻസംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും തിരക്കേറിയ ഓഡിറ്റോറിയങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മുമ്പിൽ ട്രാഫിക് പൊലീസിനെ വിന്യസിക്കാനും അധികൃതർ തയാറാകണമെന്നും ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി സർവിസ് നടത്തുന്നതായി പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല ആർ.ടി.ഒ സി.വി.എം. ഷരീഫ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.