മലപ്പുറം: ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പി.എസ്.സി ഉദ്യോഗാർഥികൾ. എൽ.പി സ്കൂൾ ടീച്ചർ ഷോർട്ട് ലിസ്റ്റിന്‍റെ മുഖ്യപട്ടികയിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിരിക്കുന്നത് പി.എസ്.സി മാനദണ്ഡം പാലിച്ചും ജില്ലയിലെ ഒഴിവിന് ആനുപാതികമായുമാണെന്നും ഇതേ തസ്തികയിൽ എല്ലാ ജില്ലയിലും ഒരേ അനുപാതത്തിലാണെന്നും തെളിയിക്കുന്നവർക്കാണ് സമരസമിതി ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. ജില്ലയിൽ പി.എസ്.സി 2021 ആഗസ്റ്റ് 26നാണ് കാറ്റഗറി നമ്പർ 516/2019 എൽ.പി സ്കൂൾ ടീച്ചർ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
വിഷയത്തിൽ ഉദ്യോഗാർഥികൾ കുറെ മാസങ്ങളായി സമരത്തിലാണ്. വിഷയത്തിൽ സർക്കാറിൽനിന്ന് ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഇതിനിടെയാണ് സമ്മാനപ്രഖ്യാപനവുമായി സമരസമിതി രംഗത്തെത്തിയത്. തെളിവുകൾ അയക്കൻ വാട്സ്ആപ് നമ്പറും ഇ-മെയിൽ ഐ.ഡിയും നൽകിയിട്ടുണ്ട്. എൽ.പി.എസ്.ടി മുഖ്യപട്ടികയിലെ അപാകതകൾ പരിഹരിച്ച് ലിസ്റ്റ് വിപുലീകരിക്കണമെന്ന ആവശ്യവുമായാണ് ആറ് മാസത്തോളമായി ഇവർ സമരം ചെയ്യുന്നത്.
92 ദിവസം മലപ്പുറം കലക്ടറേറ്റ് പരിസരത്ത് നടത്തിയ നിരാഹാര സമരത്തിൽ പ്രതീക്ഷകൾ മങ്ങിയപ്പോഴാണ് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന സമരം 163 ദിവസം പിന്നിട്ടു.
അനുകൂല തീരുമാനം വൈകുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം സമരം പി.എസ്.സി ആസ്ഥാനത്തേക്ക് മാറ്റി. മലപ്പുറത്തെ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 163 ദിവസം പിന്നിട്ടു. ജില്ലയിലെ എൽ.പി സ്കൂളുകളിൽ നിരവധി ഒഴിവുണ്ടായിട്ടും പി.എസ്.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ലിസ്റ്റ് തയാറാക്കിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.