പുലാന്തോൾ: നിലവിലെ അപാകതകൾക്ക് പരിഹാരം കാണാതെ സ്റ്റാൻഡിൽ കയറാനാവില്ലെന്ന് ബസ് ഉടമ-തൊഴിലാളി സംഘടനകൾ. പുലാമന്തോൾ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ ബസുകൾ കയറാതായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു.
ഇതിനു പരിഹാരമെന്നോണം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സി.ഐ, ട്രാഫിക് എസ്.ഐ, പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ, ബസ് ഓണേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ, ബസ് തൊഴിലാളി സംഘടനകൾ, മറ്റു തൊഴിലാളി സംഘടനകൾ എന്നിവരുൾപ്പെടെ കഴിഞ്ഞദിവസം അനുരഞ്ജന ചർച്ച നടക്കുകയുണ്ടായി. ചർച്ചയിൽ 25ാം തീയതി മുതൽ ബസുകൾ സ്റ്റാൻഡിൽ കയറണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഇതോടെ ബസ് ഉടമ സംഘടനയും തൊഴിലാളി സംഘടനയും നിലവിലെ സാഹചര്യത്തിൽ സ്റ്റാൻഡിൽ കയറാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചിരുന്നു. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി സ്റ്റാൻഡിൽ കയറാനാവില്ലെന്ന് ബസ് ഉടമ സംഘടനകൾ പഞ്ചായത്ത് അധികൃതർ കഴിഞ്ഞദിവസം കത്ത് നൽകി.
പുലാമന്തോൾ-പട്ടാമ്പി റൂട്ടിൽ നിലവിൽ ഓടുന്ന ബസ് പെർമിറ്റുകൾക്ക് 22 വർഷം പഴക്കമുണ്ട്. അന്ന് പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനടുത്തുണ്ടായിരുന്ന സ്റ്റാൻഡിൽ നിന്നായിരുന്നു ബസ് പുറപ്പെട്ടിരുന്നത്. പട്ടാമ്പിയിലേക്കുള്ള 25 കിലോമീറ്റർ യാത്രക്ക് 50 മിനിറ്റായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. പിന്നീട് പെരിന്തൽമണ്ണ ടൗൺ പരിഷ്കരണത്തിന്റെ ഭാഗമായി വിവിധ ബസ് സ്റ്റാൻഡുകളിൽ കയറിയിറങ്ങി ഇപ്പോൾ മൂസക്കുട്ടി ബസ് സ്റ്റാൻഡിലും കയറിയിറങ്ങാൻ അധിക സമയം വേണ്ടി വരുന്നു.
കൂടാതെ പെരിന്തൽമണ്ണ-പുലാമന്തോൾ പാത നവീകരണം വളയൻ മൂച്ചിയിലാണ് എത്തി നിൽക്കുന്നത്. അവിടെനിന്ന് പാലക്കാട് ജില്ലാതിർത്തിയായ പുലാമന്തോൾ കുന്തിപ്പുഴ പാലം കടക്കുന്നതുവരെ 10 കിലോമീറ്റർ ദൂരം തകർന്ന റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.