പൊന്നാനി: പൊന്നാനി സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തന സജ്ജമായി. നാലുചക്ര വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്റ്റേഷന്റെ സ്വിച്ച് ഓൺ കർമ്മം പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലയിൽ മൂന്നിടങ്ങളിലായി ഒരുക്കിയ ഇ.വി ചാർജ്ജിങ് സ്റ്റേഷനുകളിൽ ഒന്നാണ് പൊന്നാനിയിലേത്. ഒരു ഫാസ്റ്റ് ചാർജറും മൂന്ന് സ്ലോ ചാർജറുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ഇവിടെനിന്ന് ഇനി മുതൽ അതിവേഗം ചാർജ് ചെയ്യാനാവും. ഒരു യൂനിറ്റിന് നികുതി ഉൾപ്പെടെ 16 രൂപയാണ് നൽകേണ്ടി വരുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലഭ്യമാവുന്ന ആപ് ഉപയോഗിച്ച് പണം നൽകാം. ജീവനക്കാർ ഉണ്ടാവില്ല. സുരക്ഷയ്ക്കായി സി.സി.ടി.വി ഉണ്ടാകും. ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ നമ്പറും ഇവിടെയുണ്ടാവും.
കാറുകൾ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ചാർജിങ് സൗകര്യമില്ലാത്തത് വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവരുടെ വലിയ ആശങ്കയായിരുന്നു. ഇതിന് പരിഹാരമായാണ് സ്റ്റേഷൻ നിർമിച്ചത്. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധന മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചത്. പൊന്നാനി സബ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, തിരൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ. സീന ജോർജ്ജ്, ഡപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. സുധർമ്മൻ തുടങ്ങിയവരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.