തിരൂർ: കോവിഡ് ഭീഷണിക്കുശേഷം ട്രാക്കുകൾ സജീവമായപ്പോൾ ദുരിതത്തിലായത് മലബാറിലെ ട്രെയിൻ യാത്രക്കാർ. പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാത്തതാണ് ഇരുട്ടടിയായത്. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളാണ് ഇതുവരെ സർവിസ് പുനരാരംഭിക്കാത്തത്. യാത്രാക്ലേശത്തിനൊപ്പം ജീവിത ചെലവും അധികമായ പ്രയാസത്തിലാണ് യാത്രക്കാർ.
കോളജുകളും സ്കൂളുകളും തുറക്കുന്നതോടെ വിദ്യാർഥികളും റെയിൽവേ പ്രയാസത്തിലാവും. ചില പാസഞ്ചർ ട്രെയിനുകളുടെ സമയത്ത് സ്പെഷൽ ട്രെയിൻ സർവിസുകളുണ്ടെങ്കിലും യാത്ര ചെലവും ജില്ലയിലെ പല സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തതും ബുദ്ധിമുട്ടിലാക്കുന്നു. മലബാറിനോടുള്ള റെയിൽവേ അധികൃതരുടെ അവഗണനയുടെ ബാക്കിപത്രമാണ് ഇപ്പോഴുള്ളതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാത്തതിനാൽ ഏറെ ദുരിതത്തിലായത്. കോഴിക്കോട്-ഷൊർണൂർ, ഷൊർണൂർ-കോഴിക്കോട്, കോഴിക്കോട്-തൃശൂർ, തൃശൂർ-കണ്ണൂർ ട്രെയിനുകളാണ് ഇതുവരെ സർവിസ് പുനരാരംഭിക്കാത്തത്.
പാലക്കാടേക്കും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും ഏറെ യാത്രക്കാർ ആശ്രയിച്ചിരുന്ന കണ്ണൂർ-കോയമ്പത്തൂർ, ഷൊർണൂർ-കണ്ണൂർ പാസഞ്ചറുകൾ മെമു ആയാണ് നിലവിൽ സർവിസ് നടത്തുന്നത്. അതേസമയം, കോട്ടയം-ചിങ്ങവനം ഇരട്ട പാതയുടെ ഭാഗമായി മലബാറിൽ സർവിസ് നടത്തുന്ന ജനശതാബ്ദി, പരശുറാം, വേണാട് ഉൾപ്പെടെ ഏതാനും ദിവസങ്ങളിൽ പൂർണമായും റദ്ദാക്കിയത് മലബാറിൽ യാത്രാക്ലേശം കൂടുതൽ രൂക്ഷമാക്കിയിരുന്നു. പാസഞ്ചർ പുനഃസ്ഥാപിക്കാത്തതും നിലവിലെ ഏതാനും ട്രെയിനുകൾ റദ്ദാക്കിയതും കൂടിയായതോടെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. ഇതിന് പിന്നാലെ പരശുറാം എക്സ്പ്രസ് മംഗളൂരു-ഷൊർണൂർ സെക്ടറിൽ ഭാഗികമായി ഈ മാസം 28 വരെ സർവിസ് നടത്താൻ ശനിയാഴ്ച റെയിൽവേ ഉത്തരവിറക്കിയത് യാത്രക്കാർക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
പാലക്കാട് ഡിവിഷനിൽ മാത്രം പാസഞ്ചറുകൾ പുനരാരംഭിക്കാത്തതിനെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാവാനിടയുണ്ട്. നിലമ്പൂർ-ഷൊർണൂർ പാതയിലും ഈ മാസം 30 മുതൽ ഒറ്റ പാസഞ്ചർ ട്രെയിനാണ് സർവിസ് നടത്താൻ തീരുമാനമായിട്ടുള്ളത്. അഞ്ച് ജില്ലകളിലെ യാത്രക്കാർ ആശ്രയിക്കുന്ന തൃശൂർ-കണ്ണൂർ പാസഞ്ചർ പോലും പുനരാരംഭിക്കാൻ വൈകുന്നത് മലബാറിനോട് കാണിക്കുന്ന വലിയ അവഗണനയാണെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി 'മാധ്യമ'ത്തോട് പറഞ്ഞു.
മെമുവിലെ ബോഗികളുടെ കുറവും പാസഞ്ചർ റദ്ദാക്കലും തുടരുന്നതിനെതിരെ ഷൊർണൂർ-കോഴിക്കോട് സെക്ടറിലെ യാത്രക്കാരുടെ കൂട്ടായ്മ അധികാരികൾക്ക് ഇ-മെയിൽ അയച്ചിരുന്നു. കോട്ടയം-കൊല്ലം, ഗുരുവായൂർ-തൃശൂർ, കൊല്ലം-തിരുവനന്തപുരം, കൊല്ലം-പുനലൂർ തുടങ്ങിയ പാസഞ്ചറുകൾ സർവിസ് പുനരാരംഭിച്ചിട്ടും മലബാറിൽ പാസഞ്ചർ ട്രെയിൻ പൂർണമായി ഒഴിവാക്കിയത് അവഗണനയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.