മേലാറ്റൂർ: റോഡ് നവീകരണ ഭാഗമായി പൈപ്പുകൾ നീക്കിയതോടെ ചെമ്മണിയോട് പുത്തൻപള്ളി ജലനിധി കുടിവെള്ള പദ്ധതിയിൽനിന്നുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്നു വർഷം. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാത നവീകരണ പ്രവർത്തികളുടെ ഭാഗമായി റോഡ് വീതി കൂട്ടാൻ മണ്ണ് മാറ്റിയ സമയത്ത് ചെമ്മാണിയോട് പുത്തൻപള്ളി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകൾ നീക്കം ചെയ്തതോടെയാണ് ഈ പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങിക്കിടക്കുന്നത്.
ഇത്തവണ മഴ കുറഞ്ഞതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ പ്രദേശത്തെ ഗുണഭോക്താക്കൾ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായി. മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത് വാർഡുകളായ ചെമ്മാണിയോട് പുത്തൻപള്ളി പ്രദേശങ്ങളിലെ 200ലധികം വരുന്ന കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് ജലനിധിയുടെ ഈ പദ്ധതിയെയാണ്. മേലാറ്റൂർ വെള്ളിയാർ പുഴയിലെ കിണറിൽനിന്ന് വെള്ളം കൊണ്ടുപോകുന്ന മെയിൻ പൈപ്പ് ലൈനാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത് റോഡിന്റെ ഒരുവശത്ത് കൂട്ടിയിട്ടിരിക്കുന്നത്.
റോഡ് പണി അനന്തമായി നീളുന്ന ഈ സാഹചര്യത്തിൽ പൈപ്പുകൾ എത്രയും പെട്ടെന്ന് ശരിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൈപ്പ് ലൈൻ പുനഃ സ്ഥാപിക്കാൻ നിരവധി തവണ റോഡ് നവീകരണ കരാറുകാരുമായി ബന്ധപ്പെട്ടങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഈ വർഷം മഴ കുറഞ്ഞതിനാൽ കുടിവെള്ളത്തിന് എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഈ പ്രദേശത്തെ രണ്ട് കോളനികൾ ഉൾപ്പെടെയുള്ള ഇരുന്നൂറിലധികം വരുന്ന കുടുംബങ്ങൾ.
പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ ഇടപെടലുകൾ നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.