ശശിധരനും ഭാര്യ രജനിയും പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെ വീട്ടില്‍ നോമ്പുതുറക്കുന്നു
പൂക്കോട്ടൂര്‍: മൈത്രിയുടെ വ്രതശുദ്ധി ജീവിതചര്യയാക്കി കുടുംബത്തോടൊപ്പമുള്ള പത്താണ്ടിന്റെ പെരുന്നാള്‍ നിറവിലാണ് പൂക്കോട്ടൂര്‍ പള്ളിപ്പടി പനക്കല്‍ നഗറിലെ അപ്പട ശശിധരന്. 43ാം വയസില്‍ തുടങ്ങിയ വ്രതാനുഷ്ഠാനവും കുടുംബത്തോടൊപ്പമുള്ള പെരുന്നാള്‍ ആഘോഷവും 10 വര്‍ഷമായി ശശിധരന്തുടരുന്നു.
എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്ന ശാന്തിയും സമാധാനവും പരസ്പരമുള്ള ഐക്യപ്പെടലിലൂടെ ജീവിതത്തില്‍ പകര്‍ത്താനാകുമെന്ന കാഴ്ചപ്പാടോടെ 2015 മുതലാണ് ശശിധരന് റമദാന് വ്രതാനുഷ്ഠാനം തുടങ്ങിയത്. ഭാര്യയും മൂന്ന് മക്കളും പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു.
കഴിഞ്ഞ നാല് വര്‍ഷമായി ഭാര്യ രജനിയും വ്രതമനുഷ്ഠിക്കുന്നു. പൂക്കോട്ടൂരിനടുത്ത് അത്താണിക്കലിലെ കാരുണ്യ കേന്ദ്രം പെയിൻ ആന്‍ഡ് പാലിയേറ്റിവ് കെയറിലെ ഓഫിസ് അറ്റന്‍ഡറായ ശശിധരനും തൊഴിലുറപ്പ് പദ്ധതി എ.ഡി.എസായ രജനിയും പൂജാമുറിയില്‍ പതിവു പ്രാര്‍ഥനകള്‍ നിര്‍വഹിച്ചാണ് ജോലിക്ക് പുറപ്പെടുക. നോമ്പായതിനാല്‍ തീര്‍ഥവും പ്രസാദവുമൊന്നും കഴിക്കില്ല.
മഗ്്രിബ് ബാങ്കിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തി മക്കളായ ഗാഥക്കും ഗഗനക്കും വൈഗക്കുമൊപ്പമിരുന്നാണ് ഇരുവരുടേയും നോമ്പുതുറ. ഇതിനായി പഴങ്ങളും പഴച്ചാറും വെള്ളവും മറ്റു ഭക്ഷണവുമെല്ലാം ഒരുമിച്ചൊരുക്കും. പെരുന്നാള്‍ ആഘോഷത്തിന് പുതു വസ്ത്രങ്ങള്‍ വാങ്ങിയും വിഭവങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഒരുക്കിയും ഇവര്‍ തയ്യാറെടുത്തുകഴിഞ്ഞു. രാവിലെ അത്താണിക്കലിലെ ഈദ് ഗാഹിലെത്തി പെരുന്നാള്‍ നമസ്ക്കാരം കാണും. സുഹൃത്തുക്കളുമായി സ്നേഹവും സാഹോദര്യവും പങ്കിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.