മലപ്പുറം: പട്ടികവര്‍ഗക്കാര്‍ക്ക് (എസ്.ടി) ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പട്ടികവർഗ വികസന വകുപ്പിന്റെ(ഐ.ടി.ഡി.പി) നേതൃത്വത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പദ്ധതിക്കാവശ്യമായ വിവരങ്ങൾ ജില്ല വികസന കമീഷണർക്ക് നൽകിയിട്ടുണ്ട്. 2022 ഡിസംബർ ഒമ്പതിനാണ് വിവരങ്ങൾ ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസർ കൈമാറിയത്. ജില്ല വികസന കമീഷണർ വിഷയം ഐ.ടി മിഷൻ പ്രോഗ്രാം മാനേജറുമായി ചർച്ചയും നടത്തി. ചർച്ചയിൽ പദ്ധതി സംബന്ധിച്ച ഏകദേശ മാതൃക അധികൃതർ തയാറാക്കിയിട്ടുണ്ട്.
പദ്ധതിയിൽ ബന്ധപ്പെട്ട വകുപ്പുകളുമായി വിശദ ചർച്ച നടത്തിയതിന് ശേഷം അന്തിമ പദ്ധതി തയാറാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് പുരോഗമിക്കുകയാണ്. 2022 സെപ്റ്റംബറിൽ വയനാട് ജില്ലയിൽ നടപ്പാക്കിയ അക്ഷയ ബിഗ് കാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് (എ.ബി.സി.ഡി) പദ്ധതിയുടെ മാതൃകയിലാകും ജില്ലയിലും പദ്ധതി നടപ്പാക്കുക. പട്ടികവർഗക്കാർക്ക് ആധികാരിക രേഖകള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇതുവഴി ലഭിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ സേവനങ്ങള്‍ പദ്ധതി വഴി ലഭ്യമാക്കും.
രേഖകളുടെ തെറ്റു തിരുത്താനും സൗകര്യമുണ്ടാകും. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകളും നൽകാൻ സൗകര്യമുണ്ടാകും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കറും സജ്ജമാക്കാനാണ് പദ്ധതി. ഇതുവഴി എസ്.ടി വിഭാഗങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.