പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വീട് കുത്തിത്തുറന്ന് ജൂൺ 11 ന് 72 പവൻ സ്വർണവും സമാന മാതൃകയിൽ മെയ് 28 ന് ഏലംകുളം എളാട്ട് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും കവർന്ന കേസിൽ അന്വേഷണം തുടർന്നു കൊണ്ടിരിക്കെ പുതിയ മോഷണം പൊലീസിനും തലവേദനയാവുന്നു. എല്ലാ മോഷണങ്ങളും ഞായറാഴ്ചയാണ്. അങ്ങാടിപ്പുറത്ത് കൃത്യം രണ്ടാഴ്ച മുമ്പ് 72 പവൻ സ്വർണം കവർന്നതിന്റെ അയൽപക്കത്താണ് ജാറത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഞായറാഴ്ച വീണ്ടും മോഷണം നടന്നത്. മെയ് 28 നാണ് ഏലംകുളം എളാട്ട് വീടിന്റെ അടുക്കള വാതിൽ തകർത്ത് കവർച്ച നടന്നത്. മെയ് 28 ന് ഞായറാഴ്ച എളാട്ടെ കുടുബം എറണാകുളത്തേക്ക് പോയതായിരുന്നു.
രാത്രി പതിനൊന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കിടപ്പുമുറിയിൽ അലമാര കുത്തിത്തുറന്നായിരുന്നു കവർച്ച.
കൃത്യം 15 ാം ദിവസമാണ് അങ്ങാടിപ്പുറത്ത് പരിയാപുരം റോഡിൽ വീട്ടിൽ അടുക്കളവാതിൽ തകർത്ത് 72 പവൻ സ്വർണം കവർച്ച നടത്തിയത്. രണ്ടു വീടുകളിലും വീട്ടുകാർ വീടുപൂട്ടി എറണാകുളത്ത് പോയതായിരുന്നു. കവർച്ച നടത്തിയ രീതിയും കവർച്ചക്ക് തെരഞ്ഞെടുത്ത സമയവും ഉപയോഗിച്ച ആയുധങ്ങളുമടക്കം അടക്കം ഒട്ടേറെ സമാനതകളാണ് രണ്ടിലും. രണ്ടു വർഷത്തോളം മുമ്പ് അങ്ങാടിപ്പുറം പരിയാപുരത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണം കവർന്നതിലും പ്രതികളെ കണ്ടെത്താനായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒറ്റ ദിവസത്തേക്ക് വീട്ടുകാർ വീടുപൂട്ടി പോയതായിരുന്നു രണ്ടിലും. അത്തരത്തിലൊരുവീട് തേടിയവരായിരിക്കാം കഴിഞ്ഞ ദിവസം ജാറത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് തൃപ്തിയടഞ്ഞതെന്നാണ് നാട്ടുകാർ കരുതുന്നത്. പരിയാപുരത്ത് കവർച്ച നടന്ന ഘട്ടത്തിൽ നാട്ടുകാരുടെ പ്രധാന ആവശ്യം രാത്രികാലങ്ങളിലെ പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.