തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് വിഭാഗത്തിന് കീഴിലെ ജലവിതരണ സ്റ്റോര്‍ ചുമതലയുള്ള പ്ലംബറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വിലപിടിപ്പുള്ളതും പുനര്വിൽപന മൂല്യമുള്ളതുമായ പിച്ചള, ചെമ്പ് പ്ലബിങ് ആക്രിസാധനങ്ങള്‍ മറിച്ചുവിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലംബറായ വി. ഷാജിക്കെതിരെയാണ് നടപടി. ശനിയാഴ്ചയാണ് സര്‍വകലാശാല ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 360 കിലോയോളം ഭാരമുള്ള 1,24,000 രൂപ വില വരുന്ന ആക്രി വസ്തുക്കൾ മറിച്ചുവിറ്റെന്നാണ് കണ്ടെത്തിയത്.
2018 നവംബര്‍ മുതല്‍ ഷാജി ജലവിതരണ സ്റ്റോര്‍ കീപ്പര്‍ ചുമതലയിലുണ്ട്. പ്ലബിങ് പ്രവൃത്തിക്കായി ഉപയോഗിച്ചതും ബാക്കി വന്നതുമായ സാമഗ്രികള്‍ കോണ്‍ക്രീറ്റ് റാക്കുകളിലാണ് സൂക്ഷിച്ചിരുന്നത്. സ്റ്റോര്‍ കീപ്പറുടെ അറിവോടയല്ലാതെ മറ്റാര്‍ക്കും ഇവ കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാണെന്നും സംഭവത്തില്‍ ഇയാൾക്ക് പങ്കുണ്ടെന്നുമുള്ള സര്‍വകലാശാല എൻജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്റ്റോക്ക് രജിസ്റ്ററിലെ കണക്ക് പ്രകാരം 520 കിലോ ആക്രി സാധനങ്ങൾ ഉണ്ടാകേണ്ടിടത്ത് 160 കിലോ മാത്രമാണ് കണ്ടെടുക്കാനായത്. നടപടിക്ക് വിധേയനായ ഷാജിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് സര്‍വകലാശാല ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ വിശദ അന്വേഷണത്തിന് ഉപസമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.