താനാളൂർ: ഗ്രാമപഞ്ചായത്തിൽ വർധിച്ചുവരുന്ന തെരുവുനായ് ശല്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക. ഇതിനായി അടിയന്തര ബോർഡ് യോഗം ചേർന്നിരുന്നു. പഞ്ചായത്തിലെ മുഴുവൻ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിപുലമായ വാക്സിനേഷൻ കാമ്പയിൻ തൊട്ടടുത്ത ദിവസങ്ങളിൽ നടക്കും. അതിനായുള്ള വിദഗ്ധ സഹായവും വളന്റിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. എ.ബി.സി പ്രോഗ്രാം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും എ.ബി.സി പ്രോഗ്രാം നടപ്പാക്കേണ്ടത് ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് സംയുക്തമായാണെന്നും പ്രസിഡന്റ് പറഞ്ഞു.
താനാളൂർ പഞ്ചായത്ത് പോലെ ഭൂമി ലഭ്യത കുറവും ജനസാന്ദ്രത കൂടുതലുമുള്ള പഞ്ചായത്തിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ സ്ഥലം കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങളിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട്. തെരുവുനായ് ശല്യം പരിഹരിക്കാൻ ജനം ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് തടസ്സമാകുന്നുണ്ട്. ഹരിത കർമസേനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മാലിന്യനിർമാർജന പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പൂർണ സഹകരണം ഈ വിഷയത്തിലുള്ള പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കുണ്ടാകണമെന്നും പ്രായോഗിക പ്രയാസങ്ങൾ അറിഞ്ഞിട്ടും രാഷ്ട്രീയ നേട്ടത്തിനായി തെരുവുനായ് വിഷയത്തെ ഉപയോഗപ്പെടുത്തുന്നതിൽനിന്ന് പ്രതിപക്ഷ പാർട്ടികൾ പിന്മാറണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.