താനൂർ: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് ഞായറാഴ്ച രാവിലെ മുതൽ താൽക്കാലികമായി തുറന്നു.
സർക്കാർ നിർദേശമനുസരിച്ച് ജില്ല കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവിട്ടത്. ജൂലൈ മാസത്തിൽ ഈ വിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്ത പക്ഷം ജില്ല മജിസ്ട്രേറ്റെന്ന അധികാരമുപയോഗിച്ച് ഡിവിഷനൽ മാനേജറെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നറിയിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതർ ഗേറ്റ് തുറക്കാൻ നിർബന്ധിതരായത്.
മേൽപാല നിർമാണത്തിനായി 40 ദിവസത്തേക്കെന്ന് പറഞ്ഞ് അടച്ച റെയിൽവേ ഗേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ബി.ജെ.പി ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും വിവിധ യുവജന സംഘടനകളും പ്രക്ഷോഭവുമായി രംഗത്തുണ്ടായിരുന്നു.
ഏറ്റവുമൊടുവിൽ റെയിൽവേ അധികൃതരെ കുറ്റപ്പെടുത്തിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയടക്കമുള്ളവർ ഗേറ്റ് തുറക്കാതിരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചും സി.പി.എമ്മിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ചും നടന്നിരുന്നു.
കഴിഞ്ഞ ദിവസം താനൂർ നഗരസഭ കൗൺസിൽ യോഗം ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
നിരവധിയാളുകളെ പ്രയാസത്തിലാക്കി താനൂരിന്റെ വ്യാപാര മേഖലയെയടക്കം സാരമായി ബാധിച്ച വിഷയത്തിൽ യഥാസമയത്ത് കാര്യക്ഷമമായി ഇടപെടുന്നതിൽ സംസ്ഥാന തലത്തിൽ റെയിൽവേയുടെ ചുമതല കൂടി വഹിക്കുന്ന സ്ഥലം എം.എൽ.എയായ മന്ത്രി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടെന്ന ആക്ഷേപം ശക്തമായതോടെ റെയിൽവേ ഉന്നതാധികാരികളുമായി ചർച്ച നടത്താനും റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താനൂരിലെ ഗേറ്റ് വിഷയം ഉന്നയിക്കാനും മന്ത്രി ശ്രമിച്ചിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.
അതിനിടെ ഗേറ്റ് തുറക്കാത്തതിനെതിരെ ഹൈകോടതിയിൽ മുസ്‌ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.പി. അഷറഫ് നൽകിയ ഹരജിയിൽ കോടതി റെയിൽവേ പ്രിൻസിപ്പൽ സെക്രട്ടറി, സതേൺ റെയിൽവേ, ആർ.ബി.ഡി.സി, ജില്ല കലക്ടർ തുടങ്ങിയവർക്ക് നോട്ടീസ് അയച്ചിരുന്നു.
വാദം കേൾക്കാൻ റെയിൽവേയും സംസ്ഥാന സർക്കാറും കൂടുതൽ സമയം ചോദിച്ചിരുന്നു. റെയിൽവേയുടെ ഭാഗത്ത് മേൽപാലം നിർമിക്കാൻ സംസ്ഥാന സർക്കാർ നൽകേണ്ട 7.03 കോടി രൂപ ഇനിയും നൽകിയില്ലെന്ന് റെയിൽവേ കോടതിയിൽ ബോധിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനും പ്രവൃത്തി അതിവേഗം പൂർത്തിയാക്കാൻ റെയിൽവേക്കും കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. കോടതി കേസ് 27ന് വീണ്ടും പരിഗണിക്കുമ്പോൾ ഇടക്കാല ഉത്തരവുണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് ഗേറ്റ് ഞായറാഴ്ച രാവിലെ 6.45ന് താൽക്കാലികമായി തുറന്നത്.
ഗേറ്റ് തുറക്കണമെന്ന ഇടക്കാല വിധിക്കുള്ള സാധ്യതയും ഓണാഘോഷ സമയത്തും ഗേറ്റ് അടച്ചിടുന്നത് വഴിയുണ്ടായേക്കാവുന്ന ജനരോഷവും കണക്കിലെടുത്തായിരിക്കണം ഭരണതലത്തിലുള്ള അടിയന്തര ഇടപെടലിലൂടെ ഗേറ്റ് തുറപ്പിക്കാൻ സർക്കാർ തയാറായത്.
ഈ മാസം അവസാനത്തോടെ റെയിൽവേ പാളത്തിന് മുകളിൽ ബീമുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കാനുള്ളതിനാൽ വീണ്ടും അടക്കേണ്ടി വരുമെന്നുറപ്പാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നത് വരെ നിയമ പോരാട്ടമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.