താനൂർ: കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി താനൂർ നഗരസഭ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. 33ാം ഡിവിഷൻ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി.കെ.എം. ബഷീറാണ് പ്രമേയം അവതരിപ്പിച്ചത്. മൂന്നാം ഡിവിഷൻ കൗൺസിലർ പി.വി. നൗഷാദ് പിന്താങ്ങി. 38 കൗൺസിലർമാരുടെ പിന്തുണയോടെ പ്രമേയം പാസാക്കി. ആറ് സി.പി.എം കൗൺസിലർമാർ പ്രമേയത്തെ എതിർത്തു. താനൂരിലെ എട്ടുവാർഡുകളിൽ കൂടിയാണ് പദ്ധതി കടന്നുപോകുന്നത്.
3, 21, 33, 34, 35, 41, 42, 43 വാർഡുകളിലൂടെയാണ് കെ െറയിൽ കടന്നുപോകുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. പദ്ധതി വന്നാൽ നഗരസഭ പരിധിയിൽ മുന്നൂറിലധികം വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. നിരവധി വീടുകളും വയലുകളും വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാക്കുന്ന പദ്ധതി തീർത്തും ജനവിരുദ്ധമാണ്. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് ഈ പദ്ധതി കാരണമാകും. ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ തയാറാകണം.
3700 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന സർക്കാർ, പദ്ധതിയുടെ പ്രയോജനം സംബന്ധിച്ചു സംസാരിക്കുന്നതിനുപകരം കേവലം രണ്ടുമണിക്കൂർ യാത്ര ലാഭത്തെക്കുറിച്ചുമാത്രമാണ് പറയുന്നത്. പരിസ്ഥിതി ആഘാത പഠനമടക്കം നടത്താതെ പദ്ധതി നടപ്പാക്കാനുള്ള സർക്കാറിെൻറ ഒത്തുകളി ദുരൂഹമാണെന്നും പ്രമേയത്തിൽ പറയുന്നു. ചെയർമാൻ പി.പി. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.പി. അലി അക്ബർ, കെ. ജയപ്രകാശ്, ജസ്ന ബാനു, മുസ്തഫ താനൂർ, റഷീദ് മോര്യ, വി.പി. ബഷീർ, നിസാം ഒട്ടുമ്പുറം, ഷാഹിദ കളത്തിങ്ങൽ, ആബിദ് വടക്കയിൽ, കൃഷ്ണൻ എന്നിവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു. 21ാം ഡിവിഷൻ കൗൺസിലർ ഇ. കുമാരിയും 13ാം ഡിവിഷൻ കൗൺസിലർ പി.ടി. അക്ബറും പ്രമേയത്തെ എതിർത്തു.
'കെ റെയിൽ പദ്ധതി കേരളത്തെ തകർക്കും'
താനൂർ: കേരള സർക്കാറിെൻറ പ്രഖ്യാപിത സിൽവർ ലൈൻ അർധ അതിവേഗ പാത കേരളത്തെ തകർക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആഭിമുഖ്യത്തിൽ താനാളൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റെയിൽ പദ്ധതിക്കെതിരെ ത്രിതല പഞ്ചായത്തുകളിൽ പ്രമേയം അവതരിപ്പിക്കുമെന്ന് ധർണയിൽ പങ്കെടുത്ത ജനപ്രതിനിധികളായ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൽമത്ത്, വൈസ് പ്രസിഡൻറ് പി.പി. അഷറഫ്, അംഗം അബിദ ഫൈസൽ, താനാളൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ബീവി, ശബ്ന ആശിഖ്, കുഞ്ഞിപ്പ, ജ്യോതി എന്നിവർ പറഞ്ഞു.
പഞ്ചായത്തുതല സമര സമിതി ട്രഷറർ കുഞ്ഞാവ ഹാജി അധ്യക്ഷത വഹിച്ചു. മുഹ്സിൻ ബാബു (മുസ്ലിം ലീഗ്), ഗീത മാധവൻ (ബി.ജെ.പി), കുഞ്ഞിപ്പോക്കർ (എസ്.ഡി.പി.ഐ), അഷറഫ് മാടമ്പാട്ട് (കെ.എൻ.എം മർകസുദ്ദഅ്വ), ജനകീയ സമിതി ജനറൽ കൺവീനർ പി.കെ. പ്രഭാഷ്, നടക്കാവ് മഹല്ല് പ്രതിനിധി എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം സ്വാഗതവും ജില്ല സമിതി അംഗം മൺസൂർ അലി നന്ദിയും പറഞ്ഞു. അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ, കെ. ഷാജി, ടി. റസാഖ്, വി. അഫ്സൽ, സൽമാൻ, എൻ.പി. മൻസൂർ, അബ്ദു, ടി. പ്രസാദ്, പി. അൻവർ, പി.എ. ഇബ്രാഹിം കുട്ടി എന്നിവർ നേതൃത്വം നൽകി.
കെ െറയിൽ വിരുദ്ധ സമരവുമായി ആലങ്കോട് പഞ്ചായത്ത് യു.ഡി.എഫ്
ചങ്ങരംകുളം: കെ െറയിൽ അർധ അതിവേഗ റെയിൽപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലങ്കോട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ബഹുജന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. ആലങ്കോട് പഞ്ചായത്തിലെ 2, 19, 5, 16, 8, 14, 15, 13 വാർഡുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. അനേകം വീടുകളും കൃഷിഭൂമിയും വ്യാപാര സ്ഥാപനങ്ങളും ഈ പാതക്കുവേണ്ടി നശിപ്പിക്കേണ്ടി വരും. അതിനാൽ, ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. അഹമ്മദുണ്ണി കാളച്ചാൽ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പന്താവൂർ, ഷാനവാസ് വട്ടത്തൂർ, പി.ടി. അബ്ദുൽ ഖാദർ, ഷബീർ മാങ്കുളം, എം.ടി. ശരീഫ്, ചന്ദ്രൻ, വി.എം. ഇബ്രാഹിം, കെ.വി. ഹുസൈൻ, ബഷീർ മാമു തുടങ്ങിയവർ സംസാരിച്ചു. പ്രത്യക്ഷ സമരപരിപാടികൾക്ക് മുമ്പായി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് മൂന്ന് മേഖല കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.