താനൂർ: ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എക്കാലവും യു.ഡി.എഫിനെ തുണച്ചതാണ് താനൂർ നിയോജക മണ്ഡലത്തിന്റെ ചരിത്രം. ഇക്കുറിയും മണ്ഡലം തങ്ങളോടൊപ്പം തന്നെയായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവർത്തകർ. നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ ലീഗ് സ്ഥാനാർഥികളെ മുട്ടുകുത്തിച്ച മന്ത്രി വി. അബ്ദുറഹ്മാന്റെ സ്വാധീനം താനൂർ മണ്ഡലത്തിൽ ഇടതിനെ തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. ഇരുമുന്നണി സ്ഥാനാർഥികളും പര്യടനങ്ങളുമായി പോർക്കളത്തിൽ സജീവമായതോടെ ബലാബല പോരാട്ടം നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലൊന്നായി താനൂർ മാറി.
1957ൽ മണ്ഡലം നിലവിൽ വന്നതുമുതൽ താനൂരിൽനിന്ന് മുസ്ലിം ലീഗ് നേതാക്കളാണ് നിയമസഭയിലേക്കെത്തിയത്. സി.എച്ച്. മുഹമ്മദ് കോയ, ഡോ. സി.എം. കുട്ടി, ഉമ്മർ ബാഫഖി തങ്ങൾ, യു.എ. ബീരാൻ, ഇ. അഹമ്മദ്, സീതിഹാജി തുടങ്ങിയവർ ഉദാഹരണം. കൂടാതെ മുൻ മന്ത്രിമാരായ കെ. കുട്ടി അഹമ്മദ് കുട്ടിയും പി.കെ. അബ്ദുറബ്ബും താനൂരിൽനിന്നും നിയമസഭയിലേക്കെത്തി. പിന്നീട് അബ്ദുറഹ്മാൻ രണ്ടത്താണിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016 ലാണ് ചരിത്രത്തിലാദ്യമായി ലീഗ് കുത്തക തകർത്ത് എൽ.ഡി.എഫ് സ്വതന്ത്രനും മുൻ കോൺഗ്രസ് നേതാവുമായ വി. അബ്ദുറഹ്മാൻ താനൂരിൽ വെന്നിക്കൊടി പാറിച്ചത്. 2021ലും വി. അബ്ദുറഹ്മാനിലൂടെ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. തുടർച്ചയായ രണ്ട് വിജയങ്ങളിലൂടെ മണ്ഡലത്തിൽ യു.ഡി.എഫിനെ തറപറ്റിക്കാൻ കഴിയുന്ന രാഷ്ട്രീയ ശക്തിയായി മാറിയെന്ന് തെളിയിക്കാനും ഇടതുപക്ഷത്തിനായി.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചുവരുന്ന ആനുകൂല്യം ഒരിക്കൽപോലും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് ലഭിക്കാറില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലം 32166 വോട്ടുകളുടെ വൻ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് സമ്മാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണയും എൽ.ഡി.എഫ് മേൽകൈ നേടിയപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ താനൂർ നഗരസഭയിലും ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം പഞ്ചായത്തുകളിലും ഭരണം യു.ഡി.എഫ് കൈപിടിയിലൊതുക്കി.
മുൻ ലീഗ് നേതാവായ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസയിലൂടെ യു.ഡി.എഫ് വോട്ടുകളിലേക്ക് കടന്നുകയറാമെന്ന പ്രതീക്ഷ എൽ.ഡി.എഫിനുണ്ട്. എന്നാൽ, അബ്ദുസ്സമദ് സമദാനിക്ക് പൊതുവായുള്ള സ്വീകാര്യത മുതൽക്കൂട്ടാവുമെന്നും 2019ലെ വിജയം ആവർത്തിക്കുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. സി.എ.എ അടക്കമുള്ള ദേശീയ വിഷയങ്ങളിലെ മുന്നണി നിലപാടുകൾ പ്രധാന ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ താനൂർ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള വികസന വിഷയങ്ങളും ഇരുമുന്നണികളും സജീവ ചർച്ചയാക്കുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയുടെ അഡ്വ. നിവേദിത വോട്ടു വിഹിതം വർധിപ്പിക്കാനായുള്ള കഠിന പരിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.