താനൂർ: ഒരു വർഷം മുമ്പ് ആഘോഷത്തിമിർപ്പ് വൻദുരന്തത്തിലേക്ക് വഴിമാറിയപ്പോൾ വിറങ്ങലിച്ചുനിന്ന താനൂർ തൂവൽ തീരം വീണ്ടും സന്ദർശകരുടെ ആരവങ്ങളിൽ. കേരളം കണ്ട ഏറ്റവും വലിയ ജലദുരന്തങ്ങളിൽ ഒന്നിൽ 22 ജീവനുകൾ പൊലിയുകയും ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്തതിന് സാക്ഷ്യം വഹിച്ച തീരത്തേക്ക് ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും നാട്ടിലും പുറത്തുമുള്ള വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി.
ഫ്ലോട്ടിങ് ബ്രിഡ്ജും കുട്ടികളുടെ പാർക്കും വീണ്ടും സജീവമായതോടെ അവധിക്കാലത്ത് വലിയ ആൾക്കൂട്ടമാണ് തീരത്തെത്തുന്നത്. കഴിഞ്ഞ റമദാനിൽ കടൽത്തീരത്തിരുന്ന് നോമ്പ് തുറക്കാനും പ്രകൃതിഭംഗിയാസ്വദിക്കാനുമായി ഒട്ടേറെപ്പേരാണ് എത്തിയിരുന്നത്. പ്രത്യേക ഇഫ്താർ പാക്കേജുകളൊരുക്കി സ്വകാര്യ സംരംഭകരും രംഗത്തുണ്ടായിരുന്നു. പെരുന്നാൾ- വിഷു ദിനങ്ങളിൽ രാത്രി ഏറെ വൈകിയും സന്ദർശകരാൽ തീരം നിറഞ്ഞിരുന്നു.
താനൂർ: വലിയൊരു ദുരന്തത്തിന് വേദിയായ പ്രദേശമായിട്ടും ഇവിടെ കുടുംബ സമേതവും അല്ലാതെയുമെത്തുന്ന സന്ദർശകർക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയാറാകാത്തത് വലിയ വിമർശനത്തിനിടയാക്കുന്നുണ്ട്. അടുത്തിടെ ഡി.ടി.പി.സിയും സ്വകാര്യ സംരംഭകരും ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും രാത്രിയിലെ വെളിച്ചക്കുറവിന്റെ പ്രശ്നം ഇനിയും പരിഹരിക്കേണ്ടതുണ്ട്.
സ്ത്രീകളടക്കം ധാരാളം സന്ദർശകരെത്തുന്ന ഇവിടെ മതിയായ ശുചിമുറി സൗകര്യങ്ങളില്ലെന്നതും പോരായ്മയാണ്. അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എയായിരിക്കെ തൂവൽ തീരം സൗന്ദര്യവത്കരണത്തിനായി നിർമിച്ച കമാനവും നടപ്പാതകളുമൊക്കെ നാശത്തിന്റെ വക്കിലാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് തൂവൽ തീരം സന്ദർശിച്ച സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി. അബ്ദുറഹ്മാൻ ജില്ലയിലെ ഏറ്റവും വലിയ ബീച്ച് ടൂറിസം കേന്ദ്രമായി തൂവൽ തീരത്തെ ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിനായി സമർപ്പിച്ച വിശദ പദ്ധതി രേഖക്ക് അനുമതിയായെന്ന് പറയുന്നുണ്ടെങ്കിലും മൂന്ന് വർഷം കഴിഞ്ഞിട്ടും നവീകരണം ആരംഭിക്കാനായിട്ടില്ല. നിർദിഷ്ട തീരദേശ ഹൈവേയോട് ചേർന്ന് താനൂർ-പരപ്പനങ്ങാടി നഗരസഭ അതിർത്തിയിലുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തിന് ഹൈവേ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ധാരാളം സന്ദർശകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.