ചങ്ങരംകുളം: കോടികൾ മുടക്കി ചങ്ങരംകുളം ടൗണും വഴിയോരവും അടിമുടി മോടി കൂട്ടുമ്പോൾ ടൗണിന് ഒത്ത നടുവിൽ കാടുമൂടി ദുർഗന്ധം വമിച്ച് ഭീതിവിതക്കുകയാണ് വില്ലേജ് ഓഫിസ് കെട്ടിടം. ടൗണിന് ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആലങ്കോട് വില്ലേജ് ഓഫിസ് കെട്ടിടം അടിസ്ഥാന സൗകര്യമില്ലാതെയും ചോർന്നൊലിച്ചും ഉപയോഗ്യശൂന്യമായി കിടക്കുകയാണ് ഇപ്പോൾ.
നാല് വർഷങ്ങൾക്ക് മുമ്പ് വില്ലേജ് ഓഫിസ് സമീപത്തെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സമീപത്തെ വൃക്ഷങ്ങളിൽ നീർകാക്കകൾ കൂടുവെച്ച് കാഷ്ഠിച്ച് കെട്ടിടം വില്ലേജ് അധികൃതർ ഉപേക്ഷിച്ചെങ്കിലും പക്ഷികൾ ഇതുവരെയും ആവാസം ഉപേക്ഷിച്ചിട്ടില്ല. ഇപ്പോൾ ടൗണിന്റെ ഹൃദയഭാഗത്തു നിൽക്കുന്ന കെട്ടിടവും ചുറ്റും പൊന്തക്കാടുകളും നിറഞ്ഞ് വൃത്തിഹീനമാണ്. സ്വന്തം സ്ഥലം ഉണ്ടായിട്ടും വില്ലേജ് കെട്ടിടം മാറി നാലുവർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടം നിർമിക്കാൻ നടപടിയായിട്ടില്ല. ഇപ്പോൾ കടമുറികളിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ ഫയലുകൾ സൂക്ഷിക്കാനോ സുരക്ഷിതമായി വെക്കാനോ സംവിധാനമില്ല.
ഷട്ടറിട്ട ഈ മുറികളിൽ ശുചിമുറി ഉൾപ്പെടെ സംവിധാനങ്ങളില്ല. പൊള്ളുന്ന വേനലിൽ രണ്ടു ഭാഗങ്ങളിലും ഷട്ടർ തുറന്നിട്ട തീരെ സുരക്ഷിതമല്ലാത്ത മുറിയിൽ വീർപ്പുമുട്ടുകയാണ് ഉദ്യോഗസ്ഥർ. കെട്ടിടം ഇപ്പോൾ ചുറ്റും കാടുമൂടി ക്ഷുദ്രജീവികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.