പൊന്നാനി: സാങ്കേതികകുരുക്കുകൾ അഴിഞ്ഞതോടെ പൊന്നാനി തീരദേശ മേഖലയിലെ കടൽഭിത്തി നിർമാണം ടെൻഡർ നടപടികളിലേക്ക്. മേഖലയിൽ കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിൽ കടൽഭിത്തി നിർമിക്കാൻ പത്ത് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെങ്കിലും സാങ്കേതികകുരുക്കുകളിൽ അകപ്പെട്ട് നിർമാണം വൈകുകയായിരുന്നു. കല്ലിന്റെ വില നിശ്ചയിക്കൽ ഉൾപ്പെടെ പൂർത്തിയായ ശേഷമാണ് പദ്ധതിക്ക് ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്.
പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിലെ പതിനൊന്ന് കിലോമീറ്ററിലധികം പരിധിയിൽ 1100 മീറ്റർ ഭാഗത്താണ് 10 കോടി ചെലവഴിച്ച് കടൽഭിത്തി നിർമിക്കുക. ഇതിൽ പൊന്നാനി നഗരസഭ പരിധിയിൽ മരക്കടവ് മുതൽ അലിയാർ പള്ളി വരെയുള്ള 600 മീറ്റർ ഭാഗം, വെളിയങ്കോട് തണ്ണിത്തുറയിൽ 235 മീറ്റർ, പാലപ്പെട്ടിയിൽ 250 മീറ്റർ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. കടലാക്രമണം രൂക്ഷമായി ബാധിക്കുന്ന എം.ഇ.എസ് കോളജിന് പിൻവശം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, മൈലാഞ്ചിക്കാട് ഭാഗങ്ങളിൽ കടൽഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. നേരത്തെയുണ്ടായ കടലാക്രമണങ്ങളിൽ ഈ ഭാഗത്തെ കല്ലുകളെല്ലാം മണ്ണിനടിയിലാണ്. ഇതിനാൽ കടലാക്രമണമുണ്ടായാൽ വലിയ നാശമാകും സംഭവിക്കുക. അതേസമയം, താലൂക്കിൽ പൂർണമായും ടെട്രാപോഡ് സംവിധാനത്തിൽ സുരക്ഷാഭിത്തി നിർമിക്കാൻ ചെല്ലാനത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധർ പൊന്നാനി താലൂക്കിലെ തീരമേഖലകളിൽ പഠനം നടത്തിയിരുന്നു. 10 കോടി രൂപ അനുവദിച്ച് ഈ കാലവർഷത്തിന് മുമ്പ് തന്നെ കടൽഭിത്തി നിർമിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.