തിരുനാവായ: അഞ്ച് പതിറ്റാണ്ടിന്റെ അക്ഷരപ്പെരുമയുമായി സൗത്ത് പല്ലാർ ജി.എം.എൽ.പി സ്കൂൾ തലയുയർത്തി നിൽക്കുമ്പോൾ ഒരുനാട് അഭിമാനനിറവിലാണ്. 1973ൽ പ്രദേശത്ത് വിദ്യാലയങ്ങളൊന്നും ഇല്ലാത്ത കാലത്ത് നാട്ടുകാർ പിരിവ് നടത്തിയും കലാപരിപാടികൾ സംഘടിപ്പിച്ച് ടിക്കറ്റ് വിറ്റും പണം കണ്ടെത്തി 73 സെന്റ് സ്ഥലം വാങ്ങി നാല് മുറി കെട്ടിടം പണിത് ആരംഭിച്ച സ്കൂൾ ഇന്ന് പരിമിതികൾ മറികടന്ന് മുന്നേറുകയാണ്. നേട്ടവുമായി കുതിക്കുമ്പോഴും കൂടുതൽ കൂടുതൽ ചേർത്തുനിർത്തുകയാണ് നാട് ഈ സർക്കാർ വിദ്യാലയത്തെ. 50ാം വാർഷികാഘോഷനിറവിൽ നിൽക്കുന്ന സ്കൂളിൽ സർക്കാറിൽനിന്ന് ലഭിക്കുന്ന ഫണ്ടുകൾക്ക് പുറമെ നാട്ടിൽനിന്നുതന്നെ വിവിധ സ്പോൺസർഷിപ് വഴിയും മറ്റും ഒട്ടനവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ച് പദ്ധതികൾ സ്കൂളിൽ സമർപ്പിച്ചതിൽ നാലെണ്ണവും നാട്ടുകാരുടെ സഹായത്താൽ ഒരുക്കിയതാണ്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സ്റ്റേജ് കം ക്ലാസ് റൂമിന് പുറമെ എം.പി. മുബാരിസ് സ്മാരക ചിൽഡ്രൻസ് പാർക്ക്, പി. മൊയ്തീൻകുട്ടി ഹാജി സ്മാരക കവാടം, ഉച്ചഭക്ഷണ സ്റ്റോർ റൂം, 50 ചെയറും പ്രസംഗപീഠവും നാട്ടുകാരും വിവിധ സംഘടനകളും സമർപ്പിച്ചവയാണ്. കരിമ്പനക്കൽ മൂസക്കുട്ടി സ്മാരക കുടിവെള്ള പദ്ധതി, കിണർ മോട്ടോർ, ഓഫിസ് പ്രിന്റർ, വീൽചെയർ, ഫാനുകൾ, സൈക്കിൾ, സ്റ്റീൽ പാത്രം, ഓഫിസ് മെയിന്റനൻസ്, എല്ലാ വീട്ടിലും പക്ഷി പാനപാത്രം, ഗാന്ധിസ്മൃതി ബോർഡ്, അഴുക്കുചാൽ സംവിധാനം, ഡിജിറ്റൽ ഡിവൈസ്, ഓൺലൈൻ കാലത്ത് മൊബൈൽ തുടങ്ങിയവ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹകരണത്താൽ സ്കൂളിന് സമർപ്പിച്ചവയാണ്.
ഇതിൽ പല്ലാർ റിലീഫ് സെൽ, സി.എച്ച് സെന്റർ, വിവ ക്ലബ്, സൗഹൃദ സാന്ത്വനം ക്ലബ്, മിഡ് പല്ലാർ, ഡി.വൈ.എഫ്.ഐ, ഖിദ്മത്ത് കോളജ്, എസ്.കെ.എസ്.എസ്.എഫ് വിഖായ, എം.എസ്.എഫ്, ജില്ല ഇൻഫർമേഷൻ ഓഫിസ് തുടങ്ങിയവരും അധ്യാപകരും പൂർവകാല അധ്യാപകരും സഹകരിച്ചവരിൽപെടും. ഇതിൽ മാങ്കടവത്ത് പുത്തൻ വീട്ടിൽ മുബാരിസ് സ്മാരക ചിൽഡ്രൻസ് പാർക്ക് എം.പി. മുഹമ്മദും പള്ളിയാലിൽ മൊയ്തീൻകുട്ടി ഹാജി സ്മാരക കവാടം മകൻ ഹംസയുമാണ് നൽകിയത്. നിലവിൽ എം.കെ. മുഹമ്മദ് സിദ്ദീഖ് പ്രധാനാധ്യാപകനും സൽമാൻ കരിമ്പനക്കൽ പി.ടി.എ പ്രസിഡന്റും കെ. സുബ്രഹ്മണ്യൻ എസ്.എം.സി ചെയർമാനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.