തിരൂരങ്ങാടി: രണ്ട് പതിറ്റാണ്ട് വായിച്ച് ശേഖരിച്ചതെല്ലാം ഇന്ന് മറ്റുള്ളവർക്ക് പകർന്ന് 'വാർത്താവെളിച്ചം' തൂകുകയാണ് മുഹമ്മദ് കുട്ടി. 21 വർഷം മുമ്പ് ആരംഭിച്ച പ്രാധാന വാർത്തകൾ തേടിയുള്ള യാത്രയിലാണ് ഇന്നും 69കാരനായ കൊടിഞ്ഞി തിരുത്തി പീലിയത്ത് സ്വദേശിയായ കോഴിക്കാട്ടിൽ മുഹമ്മദ്കുട്ടി. മുഹമ്മദ് കുട്ടിയുടെ വീട്ടിൽ ചെന്നാൽ വായനയുടെ, അറിവിെൻറ വലിയൊരു ലോകമാണ് തുറക്കുക.
ഓരോ കാലഘട്ടങ്ങളെക്കുറിച്ചും ചരിത്ര സംഭവങ്ങളെക്കുറിച്ചും ചരിത്രപുരുഷന്മാരെക്കുറിച്ചും പഴയ വാർത്തയിലൂടെ തൊട്ടറിയാം. 21 വർഷത്തെ പരിശ്രമത്തിെൻറ ഭാഗമായി ശേഖരത്തിലുള്ളത് ആയിരത്തിൽപരം വാർത്ത കട്ടിങ്ങുകൾ. വിദേശത്ത് കമ്പനിയിൽ ക്ലർക്കായി ജോലിയിലിരിക്കെ 2000ലാണ് കൗതുകവും അതിപ്രധാനവുമായ വാർത്തകൾ ശേഖരിച്ചുതുടങ്ങിയത്. നാട്ടിലെത്തിയപ്പോഴും ശീലം തുടർന്നു.
ലോകത്തെ പ്രധാന സംഭവങ്ങൾ, വ്യക്തികൾ, ശാസ്ത്രം, ജീവികൾ, സൗരയൂഥവുമെല്ലാം ശേഖരണത്തിലെ പ്രധാന ഇനങ്ങളാണ്. സയാമിസ് ഇരട്ടകളെക്കുറിച്ച് ലോകത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കട്ടിങ്ങുകൾ വെച്ച് പ്രത്യേകം ആൽബം തന്നെ തയാറാക്കിയിട്ടുണ്ട്. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും അബ്ദുന്നാസിർ മഅ്ദനിയെ ജയിലിലടച്ചതും മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറയും ബോക്സിങ് ഇതിഹാസം മുഹമ്മദലി, ക്യൂബൻ മുൻ ഭരണാധികാരി ഫിദൽ കാസ്ട്രോ, ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി, ജയലളിത, വാന നിരീക്ഷണ ശാസ്ത്രജ്ഞൻ സ്റ്റീവൻ ഹോക്കിങ്സ് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ മരണവാർത്തകളും ജീവചരിത്ര വിവരങ്ങളുമെല്ലാം പ്രാധാന്യത്തോടെ സംരക്ഷിച്ചുവരുന്നു. കേരളത്തിലെ പ്രളയങ്ങൾ, നിപ, കോവിഡ് എന്നിവയുടെ റിപ്പോർട്ടുകളും കൂട്ടത്തിലുണ്ട്. ഫയലുകൾ കൂടാതെ പഴയ കലണ്ടറുകളിലാണ് റിപ്പോർട്ടുകൾ ഒട്ടിച്ചുവെച്ചിട്ടുള്ളത്.
ഓരോ കലണ്ടറിലും ക്രമനമ്പറും വാർത്തയുടെ ജനറൽ, പ്രാദേശികം എന്നീ സ്വഭാവവും കാണിക്കാൻ പ്രത്യേക അടയാളവും നൽകിയിട്ടുണ്ട്. പ്രോജക്ടുകൾ, അസൈൻമെൻറുകൾ എന്നിവ ചെയ്യാനും മറ്റും നിരവധി വിദ്യാർഥികളുമാണ് വീട്ടിലെത്തുന്നത്. സ്കൂളുകളിൽ പ്രദർശനവും ഒരുക്കാറുണ്ട്. ബി.എ ബിരുദധാരിയായ ഇദ്ദേഹം ഇപ്പോൾ കൊടിഞ്ഞി ഐ.ഇ.സി സ്കൂളിലാണ് ജോലിചെയ്യുന്നത്. ഭാര്യ: ഖദീജ. മക്കൾ: സമീർ (ദുബൈ), ശബ്ന, ഷക്കീല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.