തിരൂരങ്ങാടി: വെന്നിയൂർ കപ്രാട് പാടത്ത് ചെന്നാൽ ഒരു യുവകർഷകനെയും ചുറ്റിലും വിളയിച്ചെടുത്ത ജൈവ പച്ചക്കറിയും സമീപമായി ഒരു പെട്ടിയും കാണാം. ആ പെട്ടിയിൽ എഴുതിയ വാചകം ഇങ്ങനെയാണ്: ''എന്‍റെ പച്ചക്കറി കൃഷിയിൽനിന്നും ആർ.സി.സിയിലേക്കും സി.എച്ച് സെന്‍ററിലേക്കും ഒരു കൈത്താങ്ങ്''. കഠിനാധ്വാനം കൊണ്ട് വിളയിച്ചെടുത്ത പച്ചക്കറികൾ പൂർണമായും വിറ്റുകിട്ടുന്ന പണം ആർ.സി.സിയിലെയും സി.എച്ച് സെന്‍ററിലെയും രോഗികൾക്ക് നൽകുകയാണ് വെന്നിയൂർ കപ്രാട് സ്വദേശി ചക്കപറമ്പിൽ അബ്ദുൽ നാസർ.
50 സെന്‍റിലാണ് 39കാരനായ നാസർ കൃഷിയിറക്കിയിരിക്കുന്നത്. ജനുവരി അവസാന വാരത്തിലാണ് പച്ചക്കറി കൃഷി ചെയ്തത്. ജൈവകൃഷിയാണ് ചെയ്തത്. വിളഞ്ഞത് നൂറുമേനിയും.
ആദ്യഘട്ടം വിളവെടുപ്പ് നടത്തി കപ്രാട് സ്കൂളിലേക്ക് സൗജന്യമായി നൽകി. ചുരങ്ങ, മത്തൻ, വെള്ളരി, വെണ്ട എന്നിങ്ങനെ 300 കിലോയാണ് ആദ്യഘട്ടം വിളവെടുത്തത്. പിന്നീട് വിളവെടുത്ത പച്ചക്കറികളെല്ലാം രോഗികൾക്കായി നൽകാനാണ് മാറ്റിവെച്ചത്. ഇവിടെ വരുന്നവർ പച്ചക്കറി വാങ്ങിയാൽ പണം ആ പെട്ടിയിൽ നിക്ഷേപിക്കാനാണ് അബ്ദുൽ നാസർ പറയുക. പെട്ടിക്ക് പുറത്ത് എഴുതിയത് വായിക്കുന്നവർ കൂടുതൽ പണം അതിൽ നിക്ഷേപിക്കും. നാട്ടുകാരും കൈത്താങ്ങായി കൂടെയുണ്ട്. കൃഷിയിലേക്കുള്ള ജൈവവളങ്ങൾ പൂർണമായും നാട്ടുകാരാണ് നൽകുന്നത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനാണ് നാസർ. പണിക്ക് പോവുന്നതിനു മുമ്പ് രാവിലെ ആറു മുതൽ ഒമ്പതുവരെ കൃഷി പരിചരിക്കും. വൈകീട്ട് എത്തിയ ശേഷവും കൃഷിയിടത്തിൽ സമയം കണ്ടെത്തും. ഭാര്യയും കുടുംബങ്ങളിലെ സ്ത്രീകളുമാണ് കൃഷി എല്ലാ ദിവസവും പരിചരിക്കുന്നത്. കപ്രാട് ലൈബ്രറി, പള്ളി, മദ്റസ എന്നിവയുടെ അമരത്തും അബ്ദുൽ നാസറുണ്ട്. ഇതിനു മുമ്പും വിളവെടുത്ത പച്ചക്കറികൾ സൗജന്യമായി നൽകി മാതൃക കാണിച്ചിട്ടുണ്ട് ഇദ്ദേഹം.
കഴിഞ്ഞ വർഷം വിളവെടുത്തതെല്ലാം വിഷു പ്രമാണിച്ച് വീടുകളിലേക്ക് സൗജന്യമായി നൽകി. കഴിഞ്ഞ കോവിഡ് കാലത്ത് ഇതുപോലെ കൃഷിയിൽ വിളവെടുത്ത് 1000 കിലോ പച്ചക്കറി 250 വീടുകളിൽ സൗജന്യമായി എത്തിച്ചു നൽകിയിരുന്നു.
ഈ പ്രാവശ്യത്തെ പച്ചക്കറി വിളവെടുത്ത് പൂർണമായും വിറ്റുകിട്ടുന്നത് നേരിട്ട് ആർ.സി.സി കാൻസർ സെന്‍ററിലും സി.എച്ച് സെന്‍ററിലും എത്തിച്ച് നൽകുമെന്ന് അബ്ദുൽ നാസർ പറഞ്ഞു.
ഇതിൽനിന്ന് ഒരു രൂപപോലും തന്റെ ആവശ്യത്തിലേക്ക് എടുത്തില്ലെന്നും വർഷങ്ങളായുള്ള ആഗ്രഹമാണ് പൂവണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചക്കപറമ്പിൽ സൈതലവി -ബിയ്യക്കുട്ടി ദമ്പതികളുടെ മകനാണ് അബ്ദുൽ നാസർ. ഭാര്യ: സൈഫത്ത്. മക്കൾ: തൻഹ, മിൻഹ, റൻഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.