തിരൂരങ്ങാടി: താലൂക്കാശുപത്രിയിലെ പോസ്റ്റ് മോര്‍ട്ട വിവാദത്തില്‍ ദൃക്സാക്ഷിക്കെതിരെ സൂപ്രണ്ടിന്റെ പ്രതികാര നടപടിയെന്ന് പരാതി. അഞ്ച് മാസത്തോളമായി ആശുപത്രിയില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന പെരുവള്ളൂര്‍ പറമ്പില്‍ പീടിക സ്വദേശി ഹംസയെ (62) പിരിച്ചുവിട്ടു. കരാറടിസ്ഥാനത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെ മൂന്നിന് അത്യാഹിത വിഭാഗത്തിലെത്തിയ രോഗി മരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ആ സമയത്ത് അത്യാഹിതവിഭാഗത്തിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഹംസയായിരുന്നു. രോഗിയെ വീല്‍ചെയറിലേക്ക് മാറ്റിയതും കാഷ്വാല്‍റ്റി ബെഡില്‍ കിടത്തിയതും റസ്റ്റ് റൂമിലായിരുന്ന ഡോക്ടറെ വിളിച്ച് കൊണ്ടുവന്നതുമെല്ലാം ഹംസയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞത് ഹംസ ശരിവെച്ചിരുന്നു.
എന്നാല്‍, പതിനഞ്ച് മിനിറ്റിന് ശേഷം ഡോക്ടറെത്തി രോഗിയെ പരിശോധിച്ചപ്പോള്‍ മരിച്ചിരുന്നു. ഇതോടെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് കാണിച്ച് ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂരങ്ങാടി നഗരസഭ ഉന്നതതല യോഗം വിളിക്കുകയും സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ദൃക്സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ച് വിട്ടിരിക്കുന്നത്. രോഗിയെ കൊണ്ടുവന്നപ്പോള്‍ ജീവനുണ്ടായിരുന്നതായി ഹംസ സംശയം പ്രകടിപ്പിച്ചതാണ് ഇദ്ദേഹത്തെ പിരിച്ച് വിടാന്‍ കാരണമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.