തിരുവല്ല: 19 വർഷം മുമ്പ് പെരിങ്ങര പഞ്ചായത്ത് പണിത കെട്ടിടത്തിൽ കുടിവെള്ള പൈപ്പ് ബന്ധിപ്പിക്കാത്തത് രണ്ട് സർക്കാർ സ്ഥാപനങ്ങളെ അടക്കം ദുരിതത്തിലാക്കുന്നു. ഒമ്പതാം വാർഡിലെ വനിത കാന്റീൻ കം ഷോപ്പിങ് കോംപ്ലക്സിലാണ് വെള്ളമില്ലാത്തത്. സ്വാമിപാലം ജങ്ഷനിൽ 2004ൽ പണിത കെട്ടിടത്തിൽ സർക്കാർ ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി സബ് സെന്റർ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ഇതുരണ്ടും. രണ്ടിടത്തേക്കും വില കൊടുത്തോ സമീപത്തെ വീടുകളിൽനിന്നോ വെള്ളം എത്തിക്കണം. വനിത ജീവനക്കാർ കൂടതലുള്ള സ്ഥാപനങ്ങളാണ്. താഴത്തെ നിലയിൽ നടന്നിരുന്ന വനിത കാന്റീൻ വെള്ളമില്ലാത്തതിനാൽ കുടുംബശ്രീ ഉപേക്ഷിച്ചു. കുടുംബശ്രീ കാന്റീൻ ഏറ്റെടുക്കുംമുമ്പ് മൂന്നുവട്ടം വനിതകൾ ചേർന്ന് കാന്റീൻ നടത്തിയിരുന്നു. കാന്റീൻ നടത്തിയ ഭാഗം അടഞ്ഞുകിടക്കുകയാണ്. ബാക്കി നാലുമുറികൾ പഞ്ചായത്ത് വാടകക്ക് നൽകിയിരിക്കുകയാണ്. താഴത്തെ നിലയിൽ ശൗചാലയം പണിതെങ്കിലും പ്രയോജനമില്ലാതെ കിടക്കുന്നു. 2015ൽ കെട്ടിടത്തിന് മുകളിൽ രണ്ട് ടാങ്കുകൾ വെക്കുകയും ഇവിടേക്ക് പൈപ്പുലൈൻ വലിക്കുകയും ചെയ്തു. എന്നാൽ, ജല അതോറിറ്റി കണക്ഷൻ നൽകിയിരുന്നില്ല. മഴക്കാലത്തെ കാറ്റിൽ ടാങ്കുകൾ താഴെവീണു. പൈപ്പുകളും ഒടിഞ്ഞു.
പിന്നീട് ഹോമിയോ ഡിസ്പെൻസറിയിൽ ടൊയ്ലറ്റ് പണിതെങ്കിലും ക്ലോസെറ്റ് സ്ഥാപിച്ചില്ല. ഇവിടേക്കും പൈപ്പ് കണക്ഷൻ പൂർണമല്ല. മൃഗാശുപത്രിയോടുചേർന്ന് പൈപ്പുലൈൻ ഉണ്ട്. കുറേനാൾ മുമ്പ് താഴത്തെ നിലക്ക് സമീപം ഒരുടാപ്പിലേക്ക് കുടിവെള്ള കണക്ഷൻ എടുത്തിരുന്നു. കടയിലും സ്ഥാപനങ്ങളിലും ഉള്ളവർ അത്യാവശ്യത്തിന് ഇവിടെ നിന്നാണ് വെള്ളം എടുത്തിരുന്നത്. വെള്ളക്കരം പഞ്ചായത്ത് അടക്കാതെ വന്നതോടെ കണക്ഷൻ വിച്ഛേദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.