കാളികാവ്: കടുവ, പുലി ഭീതിയിൽനിന്ന് മോചനമില്ലാതെ പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മേഖലയിൽ ഇരുപതിലേറെ തവണ കടുവയിറങ്ങി വളർത്തുമൃഗങ്ങളെയും കാട്ടുപന്നികളെയും കൊന്നുതിന്നിട്ടുണ്ട്.
ഈ മാസം നാലുതവണയാണ് എസ്റ്റേറ്റിലെ ഒരേഭാഗത്ത് കടുവയിറങ്ങി കാട്ടുപന്നിയെ കൊന്നുതിന്നത്.
നേരം പുലരുന്നതിന് മുമ്പാണ് തൊഴിലാളികൾ ജോലിക്കെത്തുന്നത്. ഈ സമയങ്ങളിലാണ് പൊതുവെ വന്യജീവികളെ അധികവും നാട്ടുകാർ കാണുന്നത്. ഈ മാസം പത്തിന് കടുവയെ നേരിട്ട് കണ്ടതായി തൊഴിലാളികൾ പറഞ്ഞിരുന്നു. ഈ മാസം എട്ടിനും പത്തിനും 17നും 27നുമായാണ് കടുവയിറങ്ങിയത്. 2013 പ്ലാൻറേഷനിൽ മൂന്നു തവണയും 2004 പ്ലാന്റേഷനിൽ ഒരു തവണയുമാണ് ഈ മാസം കണ്ടത്. കഴിഞ്ഞവർഷം എസ്റ്റേറ്റിലെ 2006 പ്ലാൻറേഷനിൽ പലതവണ കടുവയെ തൊഴിലാളികൾ കണ്ടിരുന്നു.
ഇതേതുടർന്ന് വനംവകുപ്പ് കെണിവെച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് എസ്റ്റേറ്റിനോട് ചേർന്ന ചിങ്കക്കല്ല് ഭാഗത്ത് കാട്ടാനക്കുട്ടിയെ കടുവ കൊന്നുതിന്ന നിലയിൽ കണ്ടെത്തിയിരുന്നു. നേരത്തേ പുല്ലങ്കോട് ജനവാസ മേഖലയായ താൾക്കണ്ടിയിലും കടുവ വളർത്തു മൃഗങ്ങളെ വേട്ടയാടിയ നിലയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. 2023 ഫെബ്രുവരി 10ന് കല്ലാമൂല വള്ളിപ്പൂളയിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ അടക്കാക്കുണ്ട് എഴുപതേക്കറിൽ ഇരുപതിലേറെ വളർത്തുമൃഗങ്ങളെ കാണാതായിട്ടുണ്ട്. ഇത് കടുവയോ പുലിയോ ആണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അടക്കാക്കുണ്ട് ചങ്ങണംകുന്നിൽ വീട്ടുമുറ്റത്ത് ചങ്ങലയിലായിരുന്ന പട്ടിയെ കടുവ കടിച്ചെടുത്ത് കൊണ്ടുപോയി. ഇരുപതോളം വളർത്തുമൃഗങ്ങളും ഇവിടെനിന്ന് കടുവ കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേഭാഗത്താണ് കടുവയും കുഞ്ഞുങ്ങളും മേയുന്നത് നാട്ടുകാർ കണ്ടത്. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മുവിൻറെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.