1948 ഫെബ്രുവരി 12നാണ് രാഷ്ട്രപിതാവായ മഹാത്മജിയുടെ ചിതാഭസ്മം തിരുനാവായയിൽ നിളയിൽ ഒഴുക്കിയത്. കേരള ഗാന്ധി കെ. കേളപ്പൻ കോഴിക്കോട്ടുനിന്ന് ട്രെയിൻ മാർഗം അന്നത്തെ എടക്കുളം റെയിൽവേ സ്റ്റേഷനിലെത്തിച്ച ചിതാഭസ്മ കുംഭം കോഴിപ്പുറത്ത് മാധവ മേനോൻ, എ.വി. കുട്ടി മാളു അമ്മ, തിരുനാവായ പാമ്പറമ്പിൽ ബാപ്പു, അഡ്വ. പുന്നക്കൽ കുടിശ്ശങ്കരൻ നായർ, ഈശ്വരമംഗലം കെ. കുട്ടിശ്ശങ്കരൻ നായർ, എം. കമലം തുടങ്ങിയ നേതൃനിരയുടെ അകമ്പടിയോടെ റെയിൽവെ സ്റ്റേഷനിൽ നിന്ന് വൻ ജനാവലിയുമായാണ് നിളാതീരത്തേക്ക് കൊണ്ടുപോയത്. നാവാമുകുന്ദ ക്ഷേത്രാങ്കണത്തിലെ ആൽത്തറയിൽ കേളപ്പജി ചിതാഭസ്മകലശം ഇറക്കിവെച്ചു. പൂക്കളും കണ്ണീർമുത്തുമായി ആബാലവൃദ്ധം ജനങ്ങൾ കലശത്തിൽ അഞ്ജലിയർപ്പിച്ചു. തുടർന്ന് രഘുപതി രാഘവ രാജാറാം, പതീത പാവന സീതാറാം, ഈശ്വര അല്ലാ തേരേനാം, സബ്കോ സന്മതി ദേ ഭഗവാൻ രാംധൂൻ ആലാപനത്തോടെ ചിതാഭസ്മ കലശവുമായി കേളപ്പജി നിളയിലേക്കിറങ്ങി.
ഉച്ചയോടടുത്ത സമയത്താണ് കേളപ്പജി ചിതാഭസ്മം നിളയിലൊഴുക്കിയത്. പതിനായിരങ്ങളെ നോക്കി കേളപ്പജി പ്രൗഢസ്വരത്തിൽ പറഞ്ഞു: ''ബാപ്പുജി മരിച്ചിട്ടില്ല, നമ്മോടൊപ്പമുണ്ട്. വർഷം തോറും ഈ ദിവസം നമുക്കിവിടെ ഒത്തുചേരണം. ബാപ്പുജിക്ക് പൂർത്തീകരിക്കാൻ കഴിയാതെ പോയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്ന മഹത്തായ യജ്ഞത്തിൽ വർഷം തോറും ഈ മണപ്പുറത്തു നിന്ന് ശക്തി സംഭരിക്കണം'' -അങ്ങനെയാണ് സർവോദയ മേളയുടെ തുടക്കം.
2020ൽ 73ാമത് സർവോദയ മേളയാണ് കൊണ്ടാടിയത്. കേളപ്പജി കോൺഗ്രസ് വിടുന്നതിനു മുമ്പ് 1949-50 കാലഘട്ടത്തിൽ കെ.പി.സി.സി സമ്മേളനമായിട്ടാണ് സർവോദയ മേള അറിയപ്പെട്ടിരുന്നത്. നിളയുടെ വടക്കേക്കരയിൽ തുടങ്ങിയ സർവോദയ മേള കൂടുതൽ സൗകര്യത്തിനായാണ് പിന്നീട് തെക്കേക്കരയിലേക്ക് മാറ്റിയത്. ഇതിനായി സ്ഥലസൗകര്യവും ഭക്ഷണവും ഒരുക്കിയത് തവനൂർ മനക്കൽ വാസുദേവൻ നമ്പൂതിരിയായിരുന്നു.
അന്നത്തെ സർവോദയ മേള കമ്മിറ്റി സെക്രട്ടറി അഡ്വ. പുന്നക്കൽ കുട്ടിശ്ശങ്കരൻ നായർക്കും വാസുദേവൻ നമ്പൂതിരിക്കും പാലക്കാട്ടെ അഡ്വ. രാഘവമേനോനുമായി ഉണ്ടായിരുന്ന ബന്ധമാണ് മേനോൻ വക്കീൽ അമൂല്യമായി സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ വെണ്ണക്കൽ പ്രതിമ വാങ്ങി തിരുനാവായ ഗാന്ധി സ്മാരകത്തിൽ സ്ഥാപിക്കാനായത്. അന്നത്തെ എ.ഐ.സി.സി പ്രസിഡൻറായിരുന്ന സുചേതാ കൃപലാനിയാണ് 1950ൽ സ്മാരകം നാടിന് സമർപ്പിച്ചത്. 1957ൽ ആചാര്യ വിനോഭാവെയുടെ പദയാത്രയിൽ കോഴിക്കോട്ട് വെച്ചാണ് സർവോദയ മണ്ഡലം രൂപംകൊണ്ടത്. തുടർന്ന് സർവോദയ മേളയുടെ നടത്തിപ്പ് കെ.പി.സി.സിയിൽ നിന്ന് ചർക്ക സംഘത്തിലേക്കും പിന്നീട് സർവോദയ മണ്ഡലത്തിനും കൈമാറി.
ഇപ്പോൾ ഡോ. ജോസ് മാത്യുവിെൻറ നേതൃത്വത്തിൽ നാട്ടുകാരടങ്ങുന്ന ജനകീയ കമ്മിറ്റിയാണ് സർവോദയ മേള നടത്തി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.