തിരൂർ: വ്യാഴാഴ്ച മുതൽ മൂന്നാറിലേക്കടക്കം തിരൂർ വഴി കൂടുതൽ ദീർഘദൂര സർവിസുകളുമായി കെ.എസ്.ആർ.ടി.സി. ഗുരുവായൂർ, മൂന്നാർ, പത്തനംതിട്ട ഡിപ്പോകളാണ് പുതിയ സർവിസുകളുമായി വരുന്നത്. മൂന്നാർ ഡിപ്പോയുടെ സർവിസ് മൂന്നാറിൽനിന്ന് രാവിലെ 5:30ന് ആരംഭിക്കും. ഉച്ചയ്ക്ക് 1:30 ഓടെ കോഴിക്കോട് എത്തുന്ന ബസ് തിരിച്ച് വൈകീട്ട് മൂന്നുമണിക്ക് ഇതേ റൂട്ടിലൂടെ മൂന്നാറിലേക്ക് പുറപ്പെടും.
മൂന്നാറിലേക്ക് പുറപ്പെടുന്ന ഈ ബസ് വൈകീട്ട് 4:30ന് തിരൂരിൽ എത്തും. മൂന്നാറിൽ രാത്രി 11 മണിയോടെ ട്രിപ്പ് അവസാനിപ്പിക്കും. മൂന്നാർ ഭാഗത്തേക്ക് ചുരുങ്ങിയ ചിലവിൽ വിനോദയാത്ര പോകുന്നവർക്ക് ഏറെ ഉപകാരപ്രദമാകും ഈ സർവിസ്. 291 രൂപയാണ് തിരൂർ-മൂന്നാർ ടിക്കറ്റ് നിരക്ക്. മൂന്നാർ-കോഴിക്കോട് ബസിന് റിസർവേഷൻ സൗകര്യവും ലഭ്യമാണ്.
തിരൂർ വഴിയുള്ള അഞ്ച് സർവിസുകളിൽ മൂന്നെണ്ണവും നടത്തുന്നത് ഗുരുവായൂർ ഡിപ്പോയാണ്. കാസർകോട്ടേക്ക് രണ്ട് സർവിസും മാനന്തവാടിയിലേക്ക് ഒരു സർവിസുമാണ് ഗുരുവായൂർ ഡിപ്പോ നടത്തുന്നത്. മാനന്തവാടിയിലേക്കുള്ള സർവിസ് ഗുരുവായൂരിൽനിന്ന് വൈകീട്ട് 4:30ന് പുറപ്പെട്ട് പൊന്നാനി വഴി തിരൂരിൽ ആറു മണിക്കും അവിടുന്ന് കോഴിക്കോട്, കുറ്റ്യാടി, തൊട്ടിൽപ്പാലം, വെള്ളമുണ്ട വഴി മാനന്തവാടിയിൽ രാത്രി 10 മണിക്കും എത്തിച്ചേരും. തിരിച്ച് പിറ്റേന്ന് രാവിലെ 4:30ന് പുറപ്പെട്ട് എറണാകുളം ജെട്ടി വരെ സർവിസ് നടത്തും.
ഗുരുവായൂർ ഡിപ്പോയുടെ മറ്റ് രണ്ട് സർവിസുകൾ കാസർകോട്ടേക്കാണ്. ഒന്ന് പുലർച്ചെ നാലിനും രണ്ടാമത്തേത് രാവിലെ 11നും ഗുരുവായൂരിൽ നിന്ന് പുറപ്പെടും.തിരൂർ വഴിയുള്ള അഞ്ചാമത്തെ സർവിസ് പത്തനംതിട്ട ഡിപ്പോയുടെതാണ്. പത്തനംതിട്ടയിൽനിന്ന് മാനന്തവാടി വരെയാണ് സർവിസ്. രാവിലെ 6:30ന് പത്തനംതിട്ടയിൽനിന്ന് ആരംഭിക്കുന്ന സർവിസ് കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ, വൈറ്റില, കൊടുങ്ങലൂർ, ഗുരുവായൂർ, പൊന്നാനി വഴി ഉച്ചക്ക് രണ്ട് മണിയോടെ തിരൂരിൽ എത്തും. പത്തനംതിട്ട -മാനന്തവാടി സർവിസിന് റിസർവേഷൻ സൗകര്യം ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.