തിരൂർ: ഭൂമി തരംമാറ്റത്തിന് ഒരുവർഷമായി തിരൂർ ആർ.ഡി.ഒ ഓഫിസ് കയറിയിറങ്ങിയ വീട്ടമ്മ ഒടുവിൽ തിരൂർ സബ് കലക്ടർക്ക് ഹിന്ദിയിലും അപേക്ഷ നൽകി. പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ ബിന്ദുവാണ് ഒരു വർഷമായി ലഭിക്കാത്ത ഭൂമി തരംമാറ്റലിനായി ഹിന്ദിയിൽ തിരൂർ സബ് കലക്ടർ സചിൻ കുമാർ യാദവിന് അപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ തവണ ഭൂമി തരംമാറ്റൽ അപേക്ഷ തീർപ്പുകൽപിച്ച് കിട്ടാൻ തിരൂർ ആർ.ഡി.ഒ ഓഫിസിലെത്തിയപ്പോഴാണ് ഇവിടെ അപേക്ഷകരായി എത്തിയവർ സബ് കലക്ടർക്ക് മലയാളം അറിയില്ലെന്നും ഹിന്ദിയിൽ അപേക്ഷ എഴുതി നൽകാനും നിർദേശിച്ചതെന്ന് ബിന്ദു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദി അധ്യാപികയുടെ സഹായത്തോടെ അപേക്ഷ നൽകിയത്. എന്നാൽ, അപേക്ഷ നൽകിയപ്പോൾ സബ് കലക്ടർക്ക് മലയാളം അറിയാമെന്ന് ബോധ്യമായി. ഈശ്വരമംഗത്ത് കുടിലിലാണ് ബിന്ദുവിന്റെ കുടുംബം താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് ബാബു അസുഖബാധിതനാണ്. മൂന്ന് സെന്റ് സ്ഥലത്ത് വീട് വെക്കാൻ പൊന്നാനി നഗരസഭ നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട വിഷയത്തെത്തുടർന്ന് അധികൃതർ നൽകിയ നാല് ലക്ഷവും ഒപ്പം കിടപ്പാടമെന്ന സ്വപ്നവും നഷ്ടമാവുന്നതിന്റെ വക്കിലാണ് ബിന്ദുവും കുടുംബവും. പാടമാണെന്ന് പറഞ്ഞാണ് കൃഷി ഓഫിസിൽനിന്ന് പെർമിറ്റ് ലഭിക്കാത്തത്. ഫെബ്രുവരിക്കുള്ളിൽ ഭൂമി തരംമാറ്റൽ ശരിയായാൽ മാത്രമേ നാല് ലക്ഷം രൂപ ലഭിക്കൂ.
സമാനമായ അവസ്ഥയിൽ ഭൂമി തരംമാറ്റൽ അപേക്ഷയിൽ പ്രയാസത്തിലായിരിക്കുകയാണ് ഈശ്വരമംഗലം സ്വദേശികളായ മഞ്ജുളയും നിഷയും. മഞ്ജുളയുടെ ഭർത്താവ് തളർവാതം മൂലവും നിഷയുടെ ഭർത്താവ് അപകടത്തിൽ പരിക്കേറ്റും കിടപ്പിലാണ്. തിരൂർ ആർ.ഡി.ഒ ഓഫിസിൽ മാത്രം ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് 5000 അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്.
രോഗികളും ലൈഫ് ഭവന പദ്ധതിയിൽ വീട് പാസായവരുമുൾപ്പടെ ഭൂമി തരംമാറ്റലിന് അപേക്ഷ നൽകിയിട്ടും തീർപ്പുകൽപിക്കാതെ അധികാരികൾ നിസ്സംഗത പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
ഭൂമി തരംമാറ്റം വൈകിപ്പിക്കുന്നതിൽ പ്രതിഷേധം
തിരൂർ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഫയലുകളേന്തി ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷനൽ ഫോറം പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂർ ആർ.ഡി.ഒ ഓഫിസിന് മുമ്പിൽ ധർണ നടത്തി. അപേക്ഷ കൊടുത്ത് വൈകിയ നിരവധി പേർ ധർണയിൽ പങ്കെടുത്തു. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ താമസം കൂടാതെ നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ ഉറപ്പ് നൽകിയതായും വിഷയം റവന്യു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ധർണ ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം പൂക്കത്ത്, കബീർ കഴുങ്ങിലപ്പടി, സലാം പറമ്പിൽപീടിക, റഷീദ് തലക്കടത്തൂർ, മുസ്തഫ ഹാജി പുത്തൻതെരു, കുഞ്ഞിമുഹമ്മദ് നടക്കാവ്, അറഫാത്ത് പാറപ്പുറം, പ്രവീൺ കുമാർ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.