തിരൂർ: കുറ്റകൃത്യങ്ങൾ തടയാൻ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം നടത്തിയ ഒരുദിവസത്തെ പ്രത്യേക പരിശോധനയിൽ 36 കേസുകളിലായി 45 പേർ പിടിയിലായി.അനധികൃതമായി മദ്യവിൽപന നടത്തിയതിന് നാലുപേരെ ചമ്രവട്ടം, കൂട്ടായി, പടിഞ്ഞാറേക്കര ഭാഗങ്ങളിൽ നിന്നായി 20 ലിറ്റർ മദ്യവുമായി പരിശോധനയിൽ പിടികൂടി.
കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ടുപേരെയും മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയതിന് രണ്ടുപേരെയും ബി.പി അങ്ങാടി, കുറ്റൂർ ഭാഗങ്ങളിൽനിന്നും അറസ്റ്റ് ചെയ്തു.പെട്രോൾ കരിഞ്ചന്തയായി വിറ്റതിൽ രണ്ടുപേരാണ് പിടിയിലായത്. ഹാൻസ് വിറ്റതിന് എട്ട് കച്ചവടക്കാരെയും പൊതുസ്ഥലത്ത് മദ്യപാനം നടത്തിയ 15 പേരെയും പിടികൂടി.
പണംവെച്ച് ശീട്ട്, തമ്പോല കളി നടത്തിയ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു.മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നുപേരും പിടിയിലായി. മോട്ടോർ വാഹന നിയമലംഘനം നടത്തിയതിന് 525 വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് 2,68,000 രൂപ പിഴയീടാക്കി. നിയമലംഘനം തുടരുന്ന വാഹനങ്ങൾ വീണ്ടും പിടിച്ചെടുത്ത് ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പൊലീസ് അറിയിച്ചു.
പരിശോധനക്ക് തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു, ഇൻസ്പെക്ടർ എം.ജെ. ജിജോ, എസ്.ഐ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ 30 പൊലീസ് ഉദ്യോഗസ്ഥർ ഒരുദിവസം മുഴുവൻ നീളുന്ന പരിശോധനയിൽ പങ്കെടുത്തു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ മദ്യ വിൽപന, ലോട്ടറി കേസ് പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.