തിരൂർ: നടുവിലങ്ങാടിയിൽ വീണ്ടും തെരുവുനായ് ആക്രമണം. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ഉണ്ടായ ആക്രമണത്തിൽ രണ്ട് പിഞ്ചു ബാലികമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. നടുവിലങ്ങാടി തൊട്ടികണ്ടിയിൽ ഷിഹാബിന്റെ മകൾ അഫുവ (എട്ട്), നടുവിലങ്ങാടി നരിക്കോട്ട് സജീവന്റെ മകൾ തൃഷ്ണ (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാലിനേറ്റ നിസ്സാര പരിക്കുകളോടെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും വീട്ടുമുറ്റത്ത് നിന്നാണ് തെരുവ് നായുടെ കടിയേറ്റത്. തിരൂർ ജില്ല ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.
കൂടാതെ, നടുവിലങ്ങാടി അണ്ണച്ചംപ്പള്ളി നൗഷാദിന്റെ മകൻ നിഹാലിന് (22) നേരെയും നായ് ആക്രമണത്തിന് മുതിർന്നെങ്കിലും ദേഹത്ത് കടിയേൽക്കാതെ രക്ഷപ്പെട്ടു. നിഹാലിന്റെ വസ്ത്രത്തിലാണ് കടിയേറ്റത്. മൂന്നു പേർക്കും നേരെ ഒരേ തെരുവ് നായ് തന്നെയാണ് ആക്രമണം നടത്തിയത്. ഇതേ തെരുവ് നായ് ഒരു വീട്ടമ്മയുടെ പിന്നാലെ പാഞ്ഞടുക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടമ്മ നിലത്തു വീണു. പ്രദേശത്തെ ഒഴിഞ്ഞ പറമ്പുകളിൽ പൊന്തക്കാടുകൾ വ്യാപകമായതാണ് തെരുവുനായ് ശല്യം രൂക്ഷമാവാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബുധനാഴ്ച തിരൂർ ജില്ല ആശുപത്രിയിൽ ചെവി വേദനക്ക് ചികിത്സ തേടിയെത്തിയ യുവാവിന് തെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.