തിരൂർ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കായികാധ്യാപകരുടെ എണ്ണം അറിയില്ലെന്ന് സർക്കാർ. വിവരാവകാശപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ഇക്കാര്യം അറിയിച്ചത്.
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ഈ കാര്യാലയത്തിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്ന വിചിത്രമായ മറുപടിയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നൽകിയത്. എന്നാൽ, ശമ്പള വിതരണത്തിനും മറ്റുമായി സമ്പൂർണ സോഫ്റ്റ് വെയർ അപ്ഡേഷനിലൂടെയും ഗൂഗ്ൾ ഫോം വഴിയും ഈ ഡേറ്റ അതതു വർഷങ്ങളിൽ സർക്കാർ ശേഖരിക്കാറുണ്ട്.
സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ മേഖലയിലെ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന കായികാധ്യാപകരുടെ ആകെ എണ്ണം ചോദിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ പരീക്ഷാർഥിയാണ് വിവരാവകാശപ്രകാരം ചോദ്യം ഉന്നയിച്ചത്. വിദ്യാലയങ്ങളിലെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പോടെ അതത് അധ്യയനവർഷത്തെ തസ്തികകളുടെ എണ്ണം സർക്കാർ നിജപ്പെടുത്താറുണ്ട്.
കൂടാതെ, കുട്ടികളുടെ എണ്ണം കുറവിനനുസരിച്ച് തസ്തിക നഷ്ടപ്പെട്ട അധ്യാപകരിൽ സംരക്ഷണാനുകൂല്യമുള്ളവരെ വിവിധയിടങ്ങളിലായി സംരക്ഷിക്കുകയും ആനുകൂല്യമില്ലാത്ത അധ്യാപകർ ജോലി നഷ്ടപ്പെട്ട് സർവിസിൽനിന്ന് പുറത്താവുകയും ചെയ്യുകയാണ് പതിവ്.
ഇതുപ്രകാരം നിരവധി കായികാധ്യാപക തസ്തികകൾ ഈ വർഷവും നഷ്ടപ്പെട്ടിരുന്നു. ഇതോടെ പി.എസ്.സി പരീക്ഷ എഴുതി തൊഴിൽ കാത്തിരുന്നവരുടെ പ്രതീക്ഷക്ക് മങ്ങലേറ്റിട്ടുണ്ട്.
അപ്പർ പ്രൈമറി (യു.പി) വിഭാഗത്തിൽ 500 കുട്ടികളും ഹൈസ്കൂളിൽ 9, 10 ക്ലാസുകളിലായി അഞ്ച് പീരിയഡും ഉണ്ടെങ്കിലേ ആ വിദ്യാലയത്തിൽ ഒരു കായികാധ്യാപക തസ്തിക അനുവദിക്കുകയുള്ളൂ. ഇതുമൂലം സംസ്ഥാനത്തെ 2739 യു.പി സ്കൂളുകളിലായി കേവലം 394 കായികാധ്യാപകരും 2663 ഹൈസ്കൂളുകളിൽ ആകെ 1475 കായികാധ്യാപകരും മാത്രമാണുള്ളത് എന്നതാണ് അനൗദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.