തിരൂർ: പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ ഒരുദിവസത്തെ സ്പെഷൽ കോമ്പിങ് പരിശോധനയുടെ ഭാഗമായി 36 കേസ് രജിസ്റ്റർ ചെയ്യുകയും 45 പേരെ അറസ്റ്റും ചെയ്തു.
അനധികൃതമായി മദ്യവിൽപന നടത്തിയ നാലുപേരെ ചമ്രവട്ടം, കൂട്ടായി, പടിഞ്ഞാറേക്കര ഭാഗങ്ങളിൽനിന്നായി 20 ലിറ്റർ മദ്യവുമായി പിടികൂടി. കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ടുപേരെയും മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയതിന് രണ്ടുപേരെയും ബി.പി അങ്ങാടി, കുറ്റൂർ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. പെട്രോൾ കരിഞ്ചന്തയായി വിൽപന നടത്തിയ കേസിൽ രണ്ടുപേർ പിടിയിലായി. ലഹരി ഉൽപന്നമായ ഹാൻസ് വിൽപന നടത്തിയതിന് എട്ട് കച്ചവടക്കാരെയും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 15 പേരെയും പിടികൂടി.
പണം വെച്ച് മുച്ചീട്ടുകളിയും തമ്പോല കളിയും നടത്തിയതിന്റെ പേരിൽ ഇരുപതോളം ആളുകളെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്നുപേരെയും പിടികൂടി. മോട്ടോർ വാഹന നിയമലംഘനം നടത്തിയ 525 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 2,68,000 രൂപ പിഴയീടാക്കി. നിയമലംഘനം തുടരുന്ന വാഹനങ്ങൾ വീണ്ടും പിടിച്ചെടുത്ത് ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ്അറിയിച്ചു.
തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു, ഇൻസ്പെക്ടർ എം.ജെ. ജിജോ, എസ്.ഐ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം ഉദ്യോഗസ്ഥർ ദിവസം മുഴുവൻ നീളുന്ന പരിശോധനയിൽ പങ്കെടുത്തു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ മദ്യ വിൽപന, ലോട്ടറി കേസ് പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.