തിരൂർ: ബി.എൽ.ഒമാരുടെ (ബൂത്ത് ലെവൽ ഓഫിസർ) വേതനം വിതരണം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ തുടരുന്നു. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലത്തെ വേതനമാണ് മുടങ്ങിക്കിടക്കുന്നത്. സംസ്ഥാനത്താകെ 24,974 ബി.എൽ.ഒമാരാണുള്ളത്. വർഷത്തിൽ ഓണറേറിയം 6000 രൂപയും 1200 രൂപ ടെലിഫോൺ അലവൻസുമുൾപ്പെടെ 7200 രൂപയാണ് അനുവദിക്കുന്നത്. ബൂത്തുകളിലെ ഡ്യൂട്ടി, ഒരു ഫോറം വെരിഫിക്കേഷൻ എന്നിവ ചെയ്യാൻ നാല് രൂപ വീതവും മീറ്റിങ്ങുകൾക്ക് 100 രൂപ എന്നിങ്ങനെ ലഭ്യമാക്കിയിരുന്ന മുഴുവൻ ആനുകൂല്യങ്ങളും നിർത്തിവെച്ചതായി ബി.എൽ.ഒമാർ ആരോപിക്കുന്നു. രണ്ട് മാസം മുമ്പ് തെരഞ്ഞെടുപ്പ് കമീഷൻ ബി.എൽ.ഒ അപേക്ഷ ക്ഷണിച്ചപ്പോഴും അതിൽ ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അപ്പോൾ ആനുകൂല്യങ്ങൾ ആരാണ് കൈക്കലാക്കുന്നതെന്നാണ് ബി.എൽ.ഒമാർ ചോദിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കൽ, വോട്ടർ പട്ടികയിൽ മരിച്ചവരുടെ പേര് നീക്കം ചെയ്യൽ, തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടേഴ്സ് സ്ലിപ് വിതരണം ചെയ്യൽ, താമസം മാറിയവരുടെ പേര് നീക്കൽ തുടങ്ങി വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന ജോലികൾ ചെയ്യുന്നത് ബി.എൽ.ഒമാരാണ്. നിലവിൽ ഈ ജോലികളെല്ലാം ഗരുഡ ആപ് വഴിയാണ് ബി.എൽ.ഒമാർ ചെയ്തുവരുന്നത്.
തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പോളിങ് സ്റ്റേഷനുകളിലെ എല്ലാ ചുമതലയുമുള്ളവരാണ് ബി.എൽ.ഒമാർ. ആ സന്ദർഭങ്ങളിലും മറ്റു പോളിങ് ഉദ്യോഗസ്ഥരെക്കാൾ കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കാറുള്ളത്. സ്പെഷൽ പോളിങ് സംഘത്തെ അനുഗമിക്കുന്ന ബി.എൽ.ഒമാർക്ക് പ്രതിദിനം 650 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ലഭ്യമായിട്ടില്ല. സംസ്ഥാന സാമൂഹിക-ശിശുക്ഷേമ വിഭാഗത്തിന് കീഴിലെ അംഗൻവാടി വർക്കർമാരാണ് ബി.എൽ.ഒമാരായി അധികവും സേവനം ചെയ്യുന്നത്. വേതനം കൃത്യമായി ലഭ്യമാകാത്തതിനാൽ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ബി.എൽ.ഒമാർ പറഞ്ഞു. ഫണ്ട് ലഭ്യമാവാത്തതിനാലാണ് വിതരണം വൈകുന്നതെന്നും ഉടൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.