തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ നഗരസഭ നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് ശാപമോക്ഷമാവുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 17നാണ് ബഹുനില കെട്ടിടത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ അവസാന സമയത്തും തദ്ദേശ സ്വയംഭരണ െതരഞ്ഞെടുപ്പിന് മുന്നോടിയായുമാണ് ശിലാസ്ഥാപനം നഗരസഭ നടത്തിയത്. അന്നുതന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മിനുക്കുപണിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. 2020-2021 കാലയളവിൽ യാതൊരുവിധ ഫണ്ടും വകയിരുത്താതെയാണ് ശിലാസ്ഥാപനം നടത്തിയത്. നഗരസഭ സെക്രട്ടറിയും കേരള സിഡ്കോ മേനേജിങ് ഡയറക്ടറും ധാരണപത്രം ഒപ്പിട്ടതല്ലാതെ ഒരു അടിപോലും ശിലാസ്ഥാപനത്തിൽ നിന്ന് മുന്നോട്ടുപോവാൻ സാധിച്ചില്ല.
ചെമ്മാട് നഗരത്തിെൻറ മുഖം തന്നെ മാറ്റുന്ന പദ്ധതിയാണിത്. പുതിയ ഭരണ സമിതി ചുമതലയേറ്റ് 2021-22 പ്രഥമ ബജറ്റിൽ തന്നെ 1.5 കോടി രൂപ നഗരസഭ തനത് ഫണ്ടിൽ നിന്നും ആദ്യ ഘട്ടനിർമാണ പ്രവൃത്തിക്കുവേണ്ടി വകയിരുത്തി. ഭൂഗർഭ നിലക്ക് പുറമേ മൂന്ന് നിലകളിലായി ആകെ 2445 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിെൻറ ഭൂഗർഭനിലയിൽ പാർക്കിങ്ങിന് പുറമേ കംഫർട്ട് സ്റ്റേഷൻ, ദീർഘദൂരയാത്രക്കാർക്കുള്ള ശുചിമുറി എന്നിവയുമാണ്. തറനിലയും ഒന്നും രണ്ടും നിലകളും വാണിജ്യ ആവശ്യങ്ങൾക്ക് പരസ്യലേലം വഴി അനുവദിക്കും. മൂന്നാം നിലയിൽ നഗരസഭ പരിധിയിലെ വിവിധ ഓഫിസുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അതിഥികൾക്കും താമസിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.
ആകെ ആറുകോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിൽ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 1.5 കോടി ഒഴിച്ച് ബാക്കി വരുന്ന 4.5 കോടി രൂപ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭ്യമാക്കിയാണ് രണ്ടാംഘട്ട നിർമാണ പ്രവൃത്തി പൂർത്തീകരിക്കുക. നിലവിൽ നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മൺകൂനകളുമാണ്. ഇത് നീക്കം ചെയ്തതിനുശേഷമാണ് പ്രവൃത്തി ആരംഭിക്കുക. എത്രയും വേഗം പണിപൂർത്തീകരിക്കുക എന്ന ലക്ഷ്യമാണ് നിലവിലെ ഭരണസമിതിക്കുള്ളത്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ നഗരസഭക്ക് പ്രതിവർഷം ഒരുകോടി രൂപയോളം തനത് വരുമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.