മങ്കട: മങ്കടയിലെയും പരിസരപ്രദേശങ്ങളിലെയും ജലസമ്പന്നമായ വയലുകളും ചതുപ്പ് നിലങ്ങളും അരിവാള്കൊക്കന്മാര് ഉള്‍പ്പെടെ കൊക്കുകളുടെ സങ്കേതമാകുന്നു. ദേശാടനക്കിളികളും നാട്ടുപക്ഷികളും ഇവിടെ ധാരാളമായെത്തുന്നു. രാമപുരം, അരിപ്ര, മക്കരപ്പറമ്പ്, മങ്കട, പുളിക്കല്‍പറമ്പ്, നാറാണത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ദേശാടനക്കിളികള്‍ വിരുന്നെത്തുന്നു. ഐബിസ് ഇനത്തില്‍പെട്ട വിവിധയിനം അരിവാള്‍ കൊക്കന്മാരാണ് ഏറെ കൗതുകം പകരുന്നത്. വലിപ്പത്തിലും സൗന്ദര്യത്തിലും ഇവ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. കഴിഞ്ഞവര്‍ഷം മുതല്‍ രാമപുരം അങ്ങാടിക്ക് സമീപമുള്ള വയലുകളില്‍ കഷണ്ടി കൊക്ക് എന്ന പേരില്‍ അറിയപ്പെടുന്ന വെള്ള ഐബിസ് ഇനത്തിൽപെട്ട ധാരാളം പക്ഷികള്‍ വിരുന്നെത്തിയിരുന്നു. ഈ വര്‍ഷവും മക്കരപ്പറമ്പ്, അരിപ്ര, മങ്കട പുളിക്കല്‍ പറമ്പ് ഭാഗങ്ങളിലെ വയലുകളില്‍ വെള്ള ഐബിസിനെ കൂടാതെ ചെമ്പന്‍ ഐബിസ് എന്ന പ്രത്യേക ഇനത്തിനെയും കണ്ടെത്തിയിട്ടുണ്ട്. 48 മുതല്‍ 66 സെന്റീമീറ്റര്‍ വരെ നീളവും ചിറകുവിടര്‍ത്തിയാൽ 80 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ചിറകുപെരിപ്പും ഉള്ള ഈ പക്ഷികളുടെ ചെമ്പന്‍ നിറത്തിലുള്ള തിളങ്ങുന്ന തൂവലുകള്‍ ഏറെ ആകര്‍ഷകമാണ്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ മക്കരപ്പറമ്പ് പാറക്കടവ് പാടത്ത് വ്യാപകമായി ചെമ്പന്‍ അരിവാള്‍ കൊക്കന്മാരെ കണ്ടിരുന്നു. കൂട്ടത്തോടെയാണ് ഇവ ഇര തേടുന്നത്. ചേരാകൊക്കൻ(ഏഷ്യൻ ഓപൺ ബിൽ സ്റ്റോർക്ക്), കുളക്കൊക്ക്, കരിമ്പന്‍ കാടക്കൊക്ക്, ചിന്നമുണ്ടി എന്നീ നാടൻകൊക്കുകളുടെ സാന്നിധ്യവുമുണ്ട്.
ചതുപ്പു നിലങ്ങള്‍, നദിക്കരകള്‍ എന്നിവയില്‍ കണ്ടുവരുന്ന അരിവാള്‍ കൊക്കന്മാര്‍ക്ക് വയലുകളിലും മറ്റു ചതുപ്പ് നിലങ്ങളിലും കാണുന്ന പ്രാണികള്‍, തുമ്പി, പുല്‍ച്ചാടി, ഞണ്ട് എന്നിവയാണ് ഭക്ഷണം. പൊതുവേ ചൂടുള്ള കാലാവസ്ഥകളിലാണ് ഇവ പ്രജനനം നടത്തുന്നതെങ്കിലും നവംബര്‍, ഡിസംബര്‍ കാലം വരെ കേരളത്തിലെ തണുപ്പുള്ള അന്തരീക്ഷങ്ങളില്‍ ഇവ കൂടുകെട്ടി താമസിക്കാറുണ്ട്. ഉയര്‍ന്ന മരങ്ങളിലും തെങ്ങിന് മുകളിലും കമ്പുകള്‍ ഉപയോഗിച്ചാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. ദേശാടനക്കിളികളടക്കം നിരവധി പക്ഷികള്‍ കൂട്ടത്തോടെ എത്തുന്ന ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വയലുകളും ചതുപ്പുനിലങ്ങളും പക്ഷിനിരീക്ഷകരുടെയും വിദ്യാർഥികളുടെയും പഠന വേദികളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.