വണ്ടൂർ: രണ്ടിടങ്ങളിലായുണ്ടായ തീപിടിത്തത്തിൽ റോഡരികിൽ നിർത്തിയിട്ട മൂന്ന് തൊണ്ടി വാഹനങ്ങളടക്കം കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് 4.30നാണ് സംഭവം. പൊലീസ് പിടികൂടി വി.എം.സി സ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തിനശിച്ചത്.
വർഷങ്ങൾക്കു മുമ്പേ പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്ഥല പരിമിതി മൂലമാണ് മൂന്ന് വാഹനങ്ങൾ ഈ ഭാഗത്തേക്ക് മാറ്റിയിട്ടത്. തിരുവാലിയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. ആളിപടർന്ന തീ പഴയ കരുണാലയ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കും പടർന്നിരുന്നു.
മഞ്ചേരി റോഡിൽ പഴയ ലുബ്ന തീയേറ്ററിന് എതിർവശത്തുള്ള ആക്രിക്കടയിലും ഉച്ചക്ക് 1.30 ഓടെ തീപിടിത്തമുണ്ടായി. നാട്ടുകാരുടെ അവസരോചിത ഇടപെടൽ കാരണം തീ തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്കടക്കം പടരുന്നത് തടയാനായി. തുടർന്ന് തിരുവാലിയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. ഇവിടെ കൂട്ടിയിട്ട പഴയ ഗൃഹോപകരണങ്ങൾ അടക്കമുള്ള ആക്രി സാധനങ്ങൾ കത്തിനശിച്ചു. തീപിടുത്ത കാരണം വ്യക്തമല്ല. അതേസമയം, വർഷങ്ങളായി തൊണ്ടി വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.