വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വണ്ടൂർ നിയോജക മണ്ഡലം രാഹുൽ ഗാന്ധിയെ ചേർത്തുപിടിച്ചു. വണ്ടൂർ നിയോജക മണ്ഡലത്തിൽ ഇത്തവണ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ വന്നത് നേരിയ കുറവ് മാത്രം. ഇതിന്റെ പ്രധാന കാരണം എല്ലാ മണ്ഡലങ്ങളിലേതും പോലെ പോളിങ്ങിൽ വന്ന കുറവ് തന്നെയാണ്.
കഴിഞ്ഞ തവണ പോളിങ് ശതമാനം 77.89 ആയിരുന്നു. ഇക്കുറി 73.49 ആണ്. വയനാട് പാർലമെന്റ് മണ്ഡലത്തിൽ ആകെ കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ പ്രാവശ്യം ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലം ബത്തേരിയായിരുന്നു. എന്നാൽ ഇപ്രാവശ്യമത് വണ്ടൂർ മണ്ഡലത്തിലേക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം 69555 ഭൂരിപക്ഷം ലഭിച്ചെങ്കിൽ ഇത്തവണ 68873 ആണ്.
വണ്ടൂർ, തിരുവാലി, പോരൂർ, തുവ്വൂർ, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, ചോക്കാട് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വണ്ടൂർ മണ്ഡലം. എന്നാൽ, ചില പഞ്ചായത്തുകളിൽ യു.ഡി.എഫ് ബന്ധം സുഖകരമായിരുന്നില്ലെങ്കിലും അത് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു യു.ഡി.എഫ് നേതൃത്വം.
രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ വൻ ഭൂരിപക്ഷമുണ്ടായതിനാൽ അതിന്റെ ആത്മവിശ്വാസത്തിൽ ഇത്തവണ പ്രചാരണ പ്രവർത്തനങ്ങളും വേണ്ടത്ര നടന്നില്ല. മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആനിരാജയാണ് പ്രചാരണത്തിൽ മുന്നിൽ നിന്നത്.
ഇക്കാരണത്താൽ ഭൂരിപക്ഷം കുത്തനെ കുറയുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. എന്നാൽ, ഈ ആശങ്കകളെയെല്ലാം മറികടക്കാൻ എ.പി. അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘത്തിന് കഴിഞ്ഞു. യു.ഡി.എഫിനുള്ളിൽ വോട്ടിങ് സമയത്ത് പോലുമുണ്ടായ തർക്കങ്ങൾ നല്ല രീതിയിൽ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനർ എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.