വണ്ടൂർ: എല്ലാ വോട്ടർമാർക്കും പ്രത്യേകം നന്ദി അറിയിച്ച് പ്രിയങ്ക എത്തി. സ്വീകരണ സമ്മേളനത്തിലും റോഡ് ഷോയിലുമായി ആയിരങ്ങളാണ് എത്തിയത്. മണ്ഡലത്തിൽനിന്ന് കൂടുതൽ ഭൂരിപക്ഷം നൽകിയ എല്ലാ വോട്ടർമാർക്കും പ്രത്യേകം നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. വണ്ടൂർ-നിലമ്പൂർ റോഡിലെ പള്ളിക്കുളം വളവിനു സമീപത്തുനിന്നും റോഡ് ഷോ ആയി അലങ്കരിച്ച വാഹനത്തിൽ അങ്ങാടി ജങ്ഷനിലെത്തിയായിരുന്നു പ്രിയങ്കയുടെ പ്രസംഗം.
എന്റെ ഓഫിസും വീടും എപ്പോഴും നിങ്ങൾക്കുവേണ്ടി തുറന്നിരിക്കുമെന്നും വയനാട്ടിലെ എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കാൻ വേണ്ടി മാത്രമാണ് രണ്ടുദിവസത്തേക്ക് വന്നതെന്നും പ്രിയങ്ക പറഞ്ഞു. എം.പി എന്ന നിലയിൽ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ രണ്ടുദിവസത്തിനുശേഷമായിരിക്കുമെന്നും പ്രിയങ്ക ഓർമപ്പെടുത്തി. വയനാട് ദുരന്തത്തെ ജനങ്ങൾ അതിജീവിച്ചത് കരുത്തും പ്രതീക്ഷയും കൈമുതലാക്കിയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തണം. വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ഓരോ പ്രശ്നങ്ങളെക്കുറിച്ചും അവരിൽനിന്നും ആഴത്തിൽ നേരിട്ട് മനസ്സിലാക്കണം. രാത്രി യാത്ര നിരോധനം, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മഹത്തായ പാരമ്പര്യമുള്ള മണ്ണാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ പോലും സംശയത്തിന്റെ നിഴലിൽ ആക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും തുല്യ അവകാശങ്ങൾ വിഭാവനം ചെയ്യുന്നതിനും വേണ്ടിയാണ് കോൺഗ്രസ് പോരാടുന്നത്. വയനാട്ടിലെ ജനങ്ങൾ നൽകിയ സ്നേഹം വിവരണാതീതമാണ്.
രാഹുൽ ഗാന്ധിയുടെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹത്തെ ചേർത്തു പിടിച്ചത് വയനാട്ടിലെ ജനങ്ങളാണ്. വയനാട്ടിലെ ജനങ്ങളെ വളരെയേറെ സ്നേഹിക്കുന്നുവെന്നും ജനങ്ങൾക്കുവേണ്ടി കഠിനമായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുഞ്ഞാപ്പു ഹാജി, കെ.സി. കുഞ്ഞഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ.പി.സി.സി അംഗം കെ.ടി. അജ്മൽ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.എ. മുബാറക് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി അയ്യായിരത്തോളം പേരാണ് അങ്ങാടിയിൽ തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.