വേങ്ങര: വേങ്ങരയിലെ ഈ രണ്ട് ക്ഷേത്രങ്ങൾ വേറെ ലെവലാണ്. ഇവിടുത്തെ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന സമൂഹ സദ്യയിലെ വിശിഷ്ടാതിഥികൾ പാണക്കാട് തങ്ങന്മാരും കൊണ്ടോട്ടി തങ്ങളും പള്ളി മഹല്ല് നേതാക്കളുമാണ്. വേങ്ങര ഗ്രാമ പഞ്ചായത്തിൽ കണ്ണാട്ടിപ്പടി ജവാൻ കോളനിയിലെ തളി ശിവ ക്ഷേത്രത്തിലെ ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്ക് മഹോത്സവത്തിലാണ് നാനാജാതി മതസ്ഥരെ ഉൾക്കൊള്ളിച്ച് സമൂഹ സദ്യക്ക് ഇലയിടുന്നത്.
വേങ്ങര വില്ലേജിൽനിന്ന് ആദ്യമായി ശബരിമലയിൽ തീർഥാടനത്തിനു പോയ താമസ്വാമിയുടെ സ്മരണാർഥമാണ് ക്ഷേത്രത്തിൽ 20 വർഷം മുമ്പ് സമൂഹ സദ്യക്ക് തുടക്കമായതെന്ന് താമ ഗുരു സ്വാമിയുടെ മകൻ ഇപ്പോഴത്തെ ക്ഷേത്രം ഭാരവാഹിയുമായ മണികണ്ഠൻ പറയുന്നു.
ഗുരു താമസ്വാമി സ്മാരക അയ്യപ്പ സേവാ സംഘത്തിന് കീഴിൽ എല്ലാ വർഷവും വൃശ്ചികമാസം മൂന്നാം ശനിയാഴ്ച കൊടിയേറുന്ന ഉത്സവത്തിൽ പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽനിന്ന് തങ്ങന്മാരും നാട്ടിലെ പള്ളി, മഹല്ല് നേതാക്കളും അതിഥികളായെത്തും. അന്ന് നടക്കുന്ന സമൂഹ സദ്യയിൽ കൂടി പങ്കെടുത്താണ് ഇവർ മടങ്ങുക. 4000 പേർക്കായി ഒരുക്കുന്ന സമൂഹസദ്യയിൽ പാണക്കാട് തങ്ങന്മാരെ കൂടാതെ കൊണ്ടോട്ടി തങ്ങൾ കുഞ്ഞുമോൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുൻ എം.എൽ.എ, കെ.എൻ.എ. ഖാദർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജന പ്രതിനിധികൾ, സംഘടന നേതാക്കൾ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർ പങ്കെടുക്കും.
ഗുരു താമസ്വാമിയുടെ മകൻ പറാട്ട് മണികണ്ഠനാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്. ഭാരവാഹികളായ പത്മനാഭൻ കരങ്ങാടൻ, മനോജ് ഇടത്തിൽ, ശ്രീജിത്ത് പാറയിൽ, സുരേന്ദ്രൻ പട്ടയിൽ, ദാമോധരൻ പനക്കൽ എന്നിവരാണ് ക്ഷേത്രത്തിന്റെ ദൈനംദിനപ്രവർത്തനങ്ങൾക്കും ദേശവിളക്കിനും സമൂഹ സദ്യ വിതരണത്തിനും നേതൃത്വം നൽകുന്നത്.
വേങ്ങര തളി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ പാണക്കാട് റഷീദലി തങ്ങൾ, പാണക്കാട് മുനവ്വറലി തങ്ങൾ, കൊണ്ടോട്ടി തങ്ങൾ കുഞ്ഞുമോൻ എന്നിവർ (ഫയൽ ചിത്രം)
കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ കിളിനക്കോട്ടെ കരിങ്കാളി കരുവങ്കാവിൽ കിരാതമൂർത്തി ക്ഷേത്രവും മത സൗഹാർദത്തിനും സാമൂഹ്യ ഇടപെടലുകൾക്കും പേരു കേട്ടതത്രെ. എല്ലാ വർഷവും മീന മാസത്തിലെ നാല് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ നാനാജാതി മതസ്ഥർ പങ്കെടുക്കും. നാല് ദിനവും അന്നദാനവുമുണ്ട്. ഉത്സവ നാളിൽ പ്രദേശത്തെ എല്ലാ വിഭാഗം ആളുകളും ചേർന്നിരുന്ന് സമൂഹസദ്യയിൽ പങ്കെടുക്കും.
പാണക്കാട്ടെ തങ്ങന്മാർ ഉൾപ്പെടെ പ്രദേശത്തെ പള്ളി മഹല്ല് ഭാരവാഹികളും മുസ്ലിം സമൂഹവും സമൂഹ സദ്യയിൽ പങ്കെടുക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അടക്കം ജന പ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കഴിഞ്ഞതോടെയാണ് നാട്ടിൽ സൗഹാർദമുണ്ടാക്കുക എന്ന അർഥത്തിൽ സമൂഹ സദ്യക്ക് തുടക്കം കുറിച്ചതെന്നു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് റിട്ട. തഹസിൽദാർ അത്തോളിപ്പുരക്കൽ ഉണ്ണികൃഷ്ണൻ പറയുന്നു. നെച്ചിക്കാടൻ സുജിത്ത്, തൂവക്കാടൻ അജീഷ്, കെ.വി. അനിൽകുമാർ, വി.ടി. മനോജ്കുമാർ എന്നിവരാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.