പള്ളിക്കൽ: ആൾപെരുമാറ്റം കുറഞ്ഞ കാടുപിടിച്ച പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പെറ്റുപെരുകുന്ന കാട്ടുപന്നികൾ പള്ളിക്കലിലെ കർഷകരുടെ പേടിസ്വപ്നമാകുന്നു. വയലുകളിൽ പലയിടത്തും കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർ ആശങ്കയിലാണ്.
പള്ളിക്കൽ പഞ്ചായത്തിലെ പുത്തൂർ പാടം, ചെറളപാടം, പുളിയംപറമ്പ്, തൂക്കോട്ടുപാടം എന്നിവിടങ്ങളിൽ കർഷകർ വിളയിച്ച മരച്ചീനി, വാഴ എന്നിവ പള്ളികൾ കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിച്ചു. പാലപ്പെട്ടി മൊയ്ദീൻ കുട്ടി, മുള്ളൻ മുഹമ്മദ്, പാവുതൊടിക വീരാൻ, തൊട്ടിയൻ ഹംസ, സി.കെ. അബൂബക്കർ തുടങ്ങിയവരുടെ കൃഷിയാണ് പന്നികൾ നശിപ്പിച്ചത്. കുമ്മിണി പറമ്പ് ഭാഗത്തെ വിജനമായ കാടുപ്പിടിച്ച സ്ഥലങ്ങളാണ് കാട്ടുപന്നികളുടെ ആവാസാകേന്ദ്രം. രാത്രി കാലങ്ങളിൽ കൂട്ടത്തോടെ ഇവ കൃഷി സ്ഥലങ്ങളിൽ എത്തുകയാണ്. ഇത് മറ്റ് കൃഷിയിടങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്നതാണ് ആശങ്കക്ക് കാരണം. വിഷയം പഞ്ചായത്ത് ഭരണ സമിതി ഗൗരവത്തിലെടുത്തിട്ടുണ്ട്.
പരിഹാരം തേടി പഞ്ചായത്ത്
തേഞ്ഞിപ്പലം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ വഴികൾ ആലോചിച്ച് പഞ്ചായത്ത് ഭരണസമിതി. പന്നികളെ വെടി വെച്ച് കൊല്ലുന്നത് അടക്കമുള്ള പോംവഴികൾ തേടാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഭരണസമിതി യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ അമ്പലഞ്ചേരി സുഹൈബ് ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ആവശ്യം പരിഗണിച്ച് പന്നികളെ വെടിവെക്കുന്ന തടക്കം നിലവിലുള്ള നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വൈസ് പ്രസിഡന്റ് കെ. വിമല, സ്ഥിരം സമിതി അധ്യക്ഷരായ പി.സി. ലത്തീഫ്, പഴേരി സുഹുറ, എ. സുഹൈബ്, മെംബർമാരായ കെ. അബ്ദുൽ ഹമീദ്, ചെമ്പാൻ മുഹമ്മദാലി, ലത്തീഫ് കൂട്ടാലുങ്ങൽ, ജമാൽ കരിപ്പൂർ, കണ്ണനാരി നസീറ, പറമ്പൻ നീലകണ്ഠൻ എൻ.പി. നിധിഷ്, കെ.ഇ. സിറാജ്, നിഷ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.