പാലക്കാട്: 2000 നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടുമാറാൻ അവസരമൊരുക്കിയ ആദ്യദിനത്തിൽ വ്യവസായികളടക്കമുള്ളവർ നോട്ടുമാറ്റിയെടുക്കാൻ ബാങ്കുകളിലെത്തി. ജില്ലയിലെ വിവിധ ബാങ്കുകളിലും ട്രഷറികളിലും വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച തിരക്ക് മിക്കയിടങ്ങളിലും ഉണ്ടായിരുന്നില്ല. നോട്ട് സ്വീകരിക്കുമെങ്കിലും ബാങ്കുകൾക്ക് സമാനമായി മാറ്റി നൽകില്ലെന്ന് ട്രഷറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ജില്ലയിൽ എല്ലാ ശാഖകളിലും തിങ്കളാഴ്ച 2000 രൂപ നോട്ടുകൾ മാറ്റി നൽകിയിട്ടുണ്ടെന്ന് എസ്.ബി.ഐ ജില്ല അധികൃതർ അറിയിച്ചു.
ബ്രാഞ്ചുകളിൽ പ്രത്യേകം കൗണ്ടറുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം ബ്രാഞ്ചുകളിലും വലിയ തിരക്കില്ലാതിരുന്നത് കൊണ്ട് തന്നെ നിലവിലെ കൗണ്ടറുകളിലാണ് സേവനം നൽകിയത്. ഒരു സമയം 20,000 രൂപ വീതമാണ് ഒരു ഉപഭോക്താവിന് മാറി നൽകാൻ അവസരം നൽകിയത്. വരും ദിവസങ്ങളിൽ തിരക്കിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എസ്.ബി.ഐ പാലക്കാട് റീജ്യനൽ അധികൃതർ വ്യക്തമാക്കി.
ഇതിനിടെ 2000 രൂപയുടെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി ബാങ്ക് അധികൃതർ പറഞ്ഞു. മെയ് 23 മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ ജന്‍ധന്‍, ബേസിക് (ബി.എസ്.ബി.ഡി) അക്കൗണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ജാഗ്രത. 2016ല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സമയത്ത് ഇത്തരം അക്കൗണ്ടുകളില്‍ നിക്ഷേപം കുത്തനെ വർധിച്ചിരുന്നു.
2016ലെ നിരോധന സമയത്ത് നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 50 ദിവസമാണ് അനുവദിച്ചത്. ഇത്തവണ 130 ദിവസം ലഭിക്കുന്നതിനാൽ സാവകാശമാവും ഇടപാടുകൾ പൂർത്തിയാവുകയെന്ന് വിവിധ ബാങ്ക് അധികൃതർ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.