പാലക്കാട്: ജില്ലയിലെ അണക്കെട്ടുകളെല്ലാം ജലസമൃദ്ധിയിൽ. ഇത്തവണ ശക്തമായ മഴ ലഭിച്ചതിനാൽ അണക്കെട്ടുകളെല്ലാം വേഗം നിറഞ്ഞു. മലമ്പുഴ, മീങ്കര, വാളയാർ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളും മൂലത്തറ റെഗുലേറ്ററിലുമെല്ലാം പരമാവധി സംഭരണശേഷിയുടെ അടുത്താണ് ജലനിരപ്പുള്ളത്.
ജലസമൃദ്ധിയുള്ളതിനാൽ ഇത്തവണ കൃഷിക്കും കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെടില്ലെന്ന ആശ്വാസത്തിലാണ് കർഷകർ. കഴിഞ്ഞവർഷങ്ങളിൽ മഴക്കുറവുമൂലം ഡാമിൽ ജലനിരപ്പ് നന്നേ കുറവായിരുന്നു. വേനൽ ചൂട് കടുത്തതോടെ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ക്ഷാമം നേരിടുകയും ജില്ല കടുത്ത വരൾച്ചയിലേക്ക് പോകുന്ന സ്ഥിതിയുമുണ്ടായി.
എന്നാൽ, ഇത്തവണ അത്തരം പ്രയാസങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷ. നിലവിൽ പരമാവധി സംഭരണശേഷിയോട് അടുത്തതിനാൽ റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനായി കാഞ്ഞിരപ്പുഴ, മീങ്കര, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ ഡാമുകളുടെ ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. ജില്ലയിൽ ഇത്തവണ മെച്ചപ്പെട്ട രീതിയിൽ കാലവർഷം ലഭിച്ചിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 10 വരെ 1451.3 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. 1425.7 മി.മീ. മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്.
ജില്ലയിലെ അണക്കെട്ടുകൾ, ചൊവ്വാഴ്ചത്തെ ജലനിരപ്പ്, പരമാവധി സംഭരണശേഷി എന്ന ക്രമത്തിൽ: ശിരുവാണി-876.41 മീറ്റർ (878.5 മീ.), കാഞ്ഞിരപ്പുഴ- 95.28 മീ. (97.5 മീ.), മീങ്കര-155.93 മീ. (156.36 മീ.), വാളയാർ-202.30 മീ. (203 മീ.), മലമ്പുഴ-114.24 മീ. (115.06 മീ.), പോത്തുണ്ടി-107.07 മീ. (108.20 മീ.), ചുള്ളിയാർ-153.29 മീ. (154.08 മീ.), മംഗലം-76.19 മീ. (77.88 മീ.), മൂലത്തറ റെഗുലേറ്റർ-182.80 മീ. (184.70 മീ.).
പാലക്കാട്: ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ വാളയാർ ഡാം തുറക്കാൻ സാധ്യത. ചിറ്റൂർ ഇറിഗേഷൻ ഡിവിഷന്റെ പരിധിയിലുള്ള ഡാമിന്റെ ജലനിരപ്പ് ചൊവ്വാഴ്ച 202.30 മീറ്ററിലെത്തി. ഡാമിന്റെ പരമാവധി സംഭരണശേഷി 203 മീറ്ററാണ്. മഴയുടെ തീവ്രതയനുസരിച്ച് ജലനിരപ്പ് ഉയരുകയാണെങ്കിൽ ക്രമീകരിക്കാനായി ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാളയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും പുഴപാലങ്ങളിലൂടെ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.